ഇഎസ്ഐ: ആജീവനാന്ത പരിരക്ഷ ആലോചനയിൽ
Mail This Article
ന്യൂഡൽഹി ∙ ഇഎസ്ഐയിൽ ജീവിതാവസാനം വരെ അംഗങ്ങളായി തുടരാവുന്ന വിധം പദ്ധതി പരിഷ്കരിക്കാൻ ആലോചന. ഇതു പഠിക്കാനായി ഉപസമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചു.
ഇപിഎഫ്ഒ പോലെ ശമ്പളപരിധി കഴിഞ്ഞാലും നിശ്ചിത തുക അധികമടച്ചു പദ്ധതിയിൽ തുടരാൻ അനുവദിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിതെന്ന് ബോർഡ് അംഗവും ബിഎംഎസ് ദേശീയ സെക്രട്ടറിയുമായ വി.രാധാകൃഷ്ണൻ ‘മനോരമ’യോടു പറഞ്ഞു. അടുത്ത ബോർഡ് യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. ശമ്പളപരിധി 21,000 രൂപയിൽ നിന്ന് 25,000 രൂപയാക്കാനുള്ള തീരുമാനവും ഇതോടൊപ്പമുണ്ടാകും. കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദർ യാദവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ഇഎസ്ഐ അംഗങ്ങളുടെ ഇ–ഫയലുകൾ തയാറാക്കാനും ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്താനും ബോർഡ് യോഗം തീരുമാനിച്ചു. പെരുമ്പാവൂരിൽ 100 കിടക്കകളുള്ള ആശുപത്രി സംസ്ഥാന സർക്കാർ സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് ആരംഭിക്കും.
മറ്റു തീരുമാനങ്ങൾ:
∙ പ്രതിവർഷം 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ചികിത്സാ സഹായത്തിന് അംഗീകാരം നൽകാൻ മാനദണ്ഡം തയാറാക്കി. 30 ലക്ഷം വരെയുള്ള അനുമതി ഡയറക്ടർ ജനറലിനു നൽകാനാവും. 50 ലക്ഷം വരെയുള്ളതിനു തൊഴിൽ സെക്രട്ടറിയുടെയും അതിനു മുകളിലുള്ളതിനു മന്ത്രിയുടെയും അംഗീകാരം വേണം.
∙ കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്കായി ഏർപ്പെടുത്തിയിരുന്ന അടൽ ബീമിത് പദ്ധതി 2 വർഷം കൂടി നീട്ടി.
∙ മാർച്ച് 10 വരെ എല്ലാ സ്ഥാപനങ്ങളിലും ഇഎസ്ഐ സംഗമവും പരാതി പരിഹാര അദാലത്തും നടത്തും.
English Summary : Government of India thinking about lifelong ESI protection