കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ വധിച്ചു; ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു
Mail This Article
ശ്രീനഗർ ∙ കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ പെട്ടയാളെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ ഞായറാഴ്ച പുൽവാമയിലെ അചാനിൽ കശ്മീരി പണ്ഡിറ്റായ സഞ്ജയ് ശർമയെ (40) വധിച്ച അഖിബ് മുഷ്താഖ് ബട്ട് ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മറ്റൊരു ഭീകരനായ അജാസ് അഹമ്മദ് ബട്ടും പുൽവാമയിലെ അവന്തിപുരയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലിനിടയിൽ വെടിയേറ്റ് രാഷ്ട്രീയ റൈഫിൾ വിഭാഗത്തിലെ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പുൽവാമയിലെ പദ്ഗംപോറയിലെ ഒരു മുസ്ലിം പള്ളിയിൽ ഭീകരർ ഒളിച്ചിരിക്കുന്ന വിവരം കിട്ടിയെത്തിയ സുരക്ഷാസേന പ്രദേശം വളഞ്ഞു. പള്ളിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അഖിബ് മുഷ്താഖ് ബട്ട് കൊല്ലപ്പെട്ടത്. അജാസ് അഹമ്മദ് ബട്ടിനെ ജനലിലൂടെ ചാടി രക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ ഒളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വധിച്ചത്.
English Summary : Terrorist who killed Kashmiri Pandit murdered