ADVERTISEMENT

കൊൽക്കത്ത ∙ ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി എല്ലാ വൈരുധ്യങ്ങളും മറന്ന് കൈകോർത്തെങ്കിലും സിപിഎമ്മിനും കോൺഗ്രസിനും ത്രിപുര ഫലം കയ്പുനിറഞ്ഞതായി. വിജയം ഒരു സൂനാമി പോലെയായിരിക്കുമെന്ന് അവകാശപ്പെട്ട ബിജെപിക്കും കിട്ടിയത് തിളക്കം കുറഞ്ഞ വിജയമാണ്. ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനും മുൻ പിസിസി അധ്യക്ഷനുമായ പ്രദ്യോത് മാണിക്യ നേതൃത്വം നൽകുന്ന ഗോത്രവിഭാഗ പാർട്ടിയായ തിപ്ര മോത്ത പ്രതീക്ഷിച്ച പോലെ കൊടുങ്കാറ്റായി മാറി. എന്നാൽ, ബിജെപി കേവല ഭൂരിപക്ഷം നേടിയതോടെ തിരഞ്ഞെടുപ്പിനു ശേഷം ‘കിങ് മേക്ക‍‍ർ’ റോൾ പ്രതീക്ഷിച്ച പ്രദ്യോത് മാണിക്യയും നിരാശനാണ്. 

ഒരു സീറ്റു പോലും 2013 ൽ ജയിക്കാത്ത ബിജെപി 2018 ൽ 36 സീറ്റ് നേടിയാണ് കാൽ നൂറ്റാണ്ടു നീണ്ട ഇടതു ഭരണം അവസാനിപ്പിച്ചത്. 2013 ലെ 49 സീറ്റിൽ നിന്ന് സിപിഎം കഴിഞ്ഞ തവണ 16 സീറ്റിലേക്ക് ചുരുങ്ങി. 10 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് ഒറ്റ സീറ്റും ലഭിച്ചില്ല. പൂജ്യത്തിൽ നിന്ന് 36 സീറ്റിലേക്ക് കുതിക്കാൻ കഴിഞ്ഞതവണ ബിജെപിക്ക് കഴിഞ്ഞെങ്കിൽ ഇത്തവണ 32 സീറ്റ് ആണ് കിട്ടിയത്. 16 സീറ്റിൽ നിന്ന് സിപിഎം 11 സീറ്റിലേക്ക് വീണ്ടും ചുരുങ്ങിയപ്പോൾ കോൺഗ്രസ്, ഇടതു സഹായത്തോടെ പൂജ്യത്തിൽ നിന്നു 3 സീറ്റിലേക്ക് ഉയർന്നു. ബിജെപിയിലേക്ക് കൂറുമാറി പോയ സുദീപ് റോയ് ബർമൻ പാർട്ടിയിലേക്ക് തിരിച്ചെത്തിയതും കോൺഗ്രസിനെ വൻ നാണക്കേടിൽ നിന്നു രക്ഷിച്ചു. 

തിരഞ്ഞെടുപ്പു വിജയശേഷം അഗർത്തലയിൽ ത്രിപുര മുഖ്യമന്ത്രി മണിക് സാഹയെ മാലയിട്ടു സ്വീകരിക്കുന്ന ബിജെപി പ്രവർത്തകർ. ചിത്രം: പിടിഐ
തിരഞ്ഞെടുപ്പു വിജയശേഷം അഗർത്തലയിൽ ത്രിപുര മുഖ്യമന്ത്രി മണിക് സാഹയെ മാലയിട്ടു സ്വീകരിക്കുന്ന ബിജെപി പ്രവർത്തകർ. ചിത്രം: പിടിഐ

പുതുതായി രൂപംകൊണ്ട തിപ്ര മോത്ത ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയെ അപ്രസക്തമാക്കിയതോടൊപ്പം സിപിഎം-കോൺഗ്രസ് സഖ്യത്തെയും ക്ഷീണിപ്പിച്ചു. പരമ്പരാഗതമായി ജയിച്ചിരുന്ന ഗോത്ര മേഖലകളിൽ വിജയം നേടാൻ സിപിഎമ്മിന് ഇത്തവണ കഴിഞ്ഞില്ല. ചില മണ്ഡലങ്ങളിലെങ്കിലും ഇടതു സഖ്യവുമായി ധാരണയുണ്ടായിരുന്നെങ്കിലും ഭരണവിരുദ്ധ വോട്ടുകൾ തിപ്ര മോത്ത പിളർത്തി. പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന പദവിയും സിപിഎമ്മിന് നഷ്ടമാകും. മുഖ്യ പ്രതിപക്ഷമാകാ‍ൻ പോകുന്നത് 13 സീറ്റുള്ള തിപ്ര മോത്തയാണ്. വിശാല തിപ്ര ലാൻഡ് എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യം. പ്രത്യേക സംസ്ഥാനം എന്ന ആശയം സമീപകാലത്തൊന്നും നടക്കാനിടയില്ലാത്ത സാഹചര്യത്തിൽ അണികളെ കൂടെ നിർത്തുക ഇവർക്കു വെല്ലുവിളിയായിരിക്കും. 

പ്രദ്യോത് മാണിക്യ (Photo: Twitter, @PradyotManikya)
പ്രദ്യോത് മാണിക്യ (Photo: Twitter, @PradyotManikya)

മണിക് സർക്കാർ ഉൾപ്പെടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച 8 എംഎൽഎമാരെ മാറ്റിനിർത്തിയാണ് സിപിഎം മത്സരിച്ചത്. പുതുമുഖങ്ങൾക്ക് അവസരം നൽകിയെങ്കിലും ചില മണ്ഡലങ്ങളിലെങ്കിലും അത് തിരിച്ചടിയായി. സീറ്റ് കിട്ടാത്തതിനാൽ കൂറുമാറി ബിജെപി സ്ഥാനാർഥിയായ കൈലാശഹാറിലെ സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ മുബഷിർ അലി, കോൺഗ്രസ് പ്രസിഡന്റ് ബിരാജിത് സിൻഹയോടു തോറ്റു. കോൺഗ്രസിന്റെ സുദീപ് റോയ് ബർമാൻ അഗർത്തലയിലും സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സബ്റൂമിലും ജയിച്ചു. മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബർദ്വാലിയിൽ ജയിച്ചു. കേന്ദ്രമന്ത്രി പ്രതിമാ ഭൗമികും ജയിച്ചു.

English Summary: Tripura Legislative Assembly Election 2023: Tipra Motha set to become main opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com