ത്രിപുര: മണിക് സാഹ അധികാരമേറ്റു; ബിജെപിക്ക് 8 മന്ത്രിമാരും ഐപിഎഫ്ടിക്ക് ഒരു മന്ത്രിയും
Mail This Article
അഗർത്തല ∙ ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ (70) അധികാരമേറ്റു. 8 ബിജെപി മന്ത്രിമാരും ഘടകകക്ഷിയായ ഐപിഎഫ്ടിയുടെ ഒരു മന്ത്രിയും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് മന്ത്രിപ്പട്ടികയിൽ ഇടംപിടിച്ചില്ല. 8 ബിജെപി മന്ത്രിമാരിൽ 4 പേർ പുതുമുഖങ്ങളാണ്. 3 പേർ ഗോത്രവർഗക്കാരാണ്. 3 മന്ത്രിസ്ഥാനം ഒഴിച്ചിട്ടു. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 സീറ്റും ഘടകകക്ഷിയായ ഐപിഎഫ്ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഇടതുപാർട്ടികളും കോൺഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. 13 തിപ്ര മോത്ത അംഗങ്ങളും ചടങ്ങിനെത്തിയില്ല. അതേസമയം, പാർട്ടി നേതാവ് പ്രദ്യോത് മാണിക്യ അമിത് ഷായുമായി ചർച്ച നടത്തി. സർക്കാരിനു പാർട്ടി പിന്തുണ നൽകിയേക്കുമെന്നാണു സൂചന.
English Summary: Manik Saha takes oath as Tripura chief minister