സതീഷ് കൗശിക്കിനെ കൊന്നതെന്ന് വ്യവസായിയുടെ ഭാര്യ
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് 15 കോടി രൂപയ്ക്കു വേണ്ടി കൊന്നതാണെന്ന വെളിപ്പെടുത്തലുമായി മുംബൈയിലെ വ്യവസായിയുടെ ഭാര്യ രംഗത്തെത്തി.
കടമായി നൽകിയ 15 കോടി രൂപ കൗശിക് തിരികെ ചോദിച്ചതിനെത്തുടർന്ന് ഗുളികകൾ നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് ഡൽഹി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ യുവതി ആരോപിച്ചു. പണം തിരികെ ചോദിച്ച കൗശിക്കും തന്റെ ഭർത്താവുമായി 2022 ഓഗസ്റ്റിൽ തർക്കമുണ്ടായെന്നും കൗശിക്കിനെ ഒഴിവാക്കാൻ ആലോചിക്കുന്നതായി ഭർത്താവ് തന്നോട് പറഞ്ഞെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. പണം തിരികെ നൽകാതിരിക്കാൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൗശിക്കിനെ വധിച്ചെന്നു താൻ സംശയിക്കുന്നതായി യുവതി വെളിപ്പെടുത്തി.
അതേസമയം, കൗശിക് അവസാനമായി പങ്കെടുത്ത പങ്കെടുത്ത ഹോളി പാർട്ടി നടന്ന ഫാം ഹൗസിൽനിന്ന് പൊലീസ് ചില മരുന്നുകൾ കണ്ടെടുത്തു. മരുന്നുകൾ എന്താണെന്നോ ആ മരുന്നുകൾക്ക് കൗശിക്കിന്റെ മരണവുമായി ബന്ധമുണ്ടോ എന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പാർട്ടിയിൽ പങ്കെടുത്ത 25 പേരെയും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നും ഫാം ഹൗസ് ഉടമയായ വ്യവസായിയെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സതീഷ് കൗശിക്കിന്റെ മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതമാണ് മരണകാരണം. എന്നാൽ, രക്തപരിശോധനയുടെയും ഹൃദയപരിശോധനയുടെയും ഫലം വന്നാൽ മാത്രമേ കാരണം വ്യക്തമാകൂ.
English Summary: Satish Kaushik was murdered says wife of Delhi business man