ADVERTISEMENT

ഗാങ്ടോക്ക് ∙ സിക്കിമിലെ നാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു വനിതയും കുട്ടിയും ഉൾപ്പെടെ 7 വിനോദസഞ്ചാരികൾ മരിച്ചു. 11 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗാങ്ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ അൻപതോളം പേരും 6 വാഹനങ്ങളും കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്. കരസേന, ബോർഡർ റോ‍ഡ്സ് ഓർഗനൈസേഷൻ, സിക്കിം പൊലീസ് എന്നിവ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നു.

സിക്കിമിൽ ഇന്ത്യയുടെയും ചൈനയും അതിർത്തിയാണ് നാഥുല. ഗാങ്ടോക്കിൽ നിന്ന് ജവാഹർലാൽ നെഹ്റു റോഡിലൂടെ മഞ്ഞുമലകൾ താണ്ടിയുള്ള യാത്ര വിനോദസഞ്ചാരികൾക്കു ഹരമാണ്. ഈ പാതയിൽ 15–ാം മൈലിനടുത്ത് ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. മ​ഞ്ഞുമലയിടിഞ്ഞ് വാഹനങ്ങളും സഞ്ചാരികളും ഗർത്തത്തിലേക്കു പതിക്കുകയായിരുന്നു. 22 പേരെ ഇതിനകം രക്ഷപ്പെടുത്തി. 56 കിലോമീറ്റർ പാതയിൽ പല സ്ഥലങ്ങളിലായി കുടുങ്ങിയ 350 സഞ്ചാരികളെയും 80 വാഹനങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായി അധികൃതർ അറിയിച്ചു.

മാർച്ച്–ഏപ്രിൽ മാസങ്ങളിൽ ഉച്ചതിരിഞ്ഞു മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും ഈ മേഖലയിൽ പതിവാണ്. സാധാരണ 13–ാം മൈലിനപ്പുറത്തേക്കു സഞ്ചാരികളെ കടത്തിവിടാറില്ലെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവർ മുകളിലേക്കു പോകാറുണ്ട്. ഇന്നലെ 17–ാം മൈൽ വരെ സഞ്ചാരികളെ അനുവദിച്ചിരുന്നതായി ടൂർ ഓപ്പറേറ്റർമാർ പറയുന്നു.

4,310 മീറ്റർ ഉയരം

∙ സമുദ്രനിരപ്പിൽ നിന്ന് 4,310 മീറ്റർ (14,140 അടി) ഉയരത്തിലാണ് നാഥുല പാസ്. പ്രത്യേക പെർമിറ്റ് എടുക്കുന്നവർക്കു മാത്രമേ ഇവിടേക്കു പോകാൻ കഴിയൂ.

English Summary: Tourists dead in massive avalanche in Sikkim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com