നെയ്യും വെണ്ണയും ഇറക്കുമതി ആവശ്യമെങ്കിൽ മാത്രം
Mail This Article
ന്യൂഡൽഹി ∙ നെയ്യ്, വെണ്ണ തുടങ്ങിയ പാലുൽപന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ഇറക്കുമതി ആവശ്യമായി വന്നാലുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ക്ഷീരകർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നുറപ്പാക്കിയാകും ഇറക്കുമതിതീരുമാനം സ്വീകരിക്കുകയെന്നും കേന്ദ്ര മൃഗസംരക്ഷണവകുപ്പു വിശദീകരിച്ചു.
പാലുൽപാദനം കുറഞ്ഞ സാഹചര്യത്തിൽ നെയ്യും വെണ്ണയും ഇറക്കുമതി ചെയ്യാൻ ആലോചിക്കുന്നുവെന്നു കഴിഞ്ഞ ദിവസം കേന്ദ്രസെക്രട്ടറി രാജേഷ്‌കുമാർ സിങ് പറഞ്ഞിരുന്നു. 2021–22 ൽ 22.1 കോടി ടൺ പാലാണു രാജ്യത്ത് ഉൽപാദിപ്പിച്ചത്. തലേവർഷമിതു 20.8 കോടി ടണ്ണായിരുന്നു; 6.25 % വർധന. എന്നാൽ ഈ കാലയളവിൽ ആഭ്യന്തര ഉപയോഗം 8–10 % വർധിച്ചു. രോഗം ബാധിച്ച് 1.89 ലക്ഷം കന്നുകാലികൾ ചത്തതു പാലുൽപാദനം പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിൽ വിപണിയിൽ പ്രതിസന്ധിയുണ്ടാകാതിരിക്കാൻ ഇറക്കുമതിയെക്കുറിച്ച് ആലോചിക്കുന്നുവെന്നായിരുന്നു കേന്ദ്രസെക്രട്ടറിയുടെ വിശദീകരണം.
ഇറക്കുമതി നീക്കത്തിനെതിരെ എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
English Summary : Ghee and Butter import only if necessary