പ്രതിസന്ധികൾക്കിടെ എഎപിക്ക് പദവിനേട്ടം
Mail This Article
ന്യൂഡൽഹി ∙ മന്ത്രിസഭയിലെ വലംകയ്യും ഇടംകയ്യുമായിരുന്ന രണ്ടു സഹപ്രവർത്തകർ ജയിലിൽ, സർക്കാർ പരസ്യത്തിനു മുടക്കിയ 163 കോടി രൂപ അടച്ചില്ലെങ്കിൽ പാർട്ടി ഓഫിസ് പൂട്ടുമെന്നു ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ ഭീഷണി, പഞ്ചാബിൽ ഖലിസ്ഥാനികൾക്കു തന്റെ പാർട്ടി വളം വച്ചുകൊടുക്കുകയാണെന്ന ആരോപണം – ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനു സമയം നല്ലതല്ലെന്നു കരുതിയിരിക്കുമ്പോഴാണ് പാർട്ടിക്കു ദേശീയ പദവി ലഭിക്കുന്നത്.
ഡൽഹി നഗരത്തിലെ വെറുമൊരു സിവിക് പാർട്ടിയെന്നു കരുതിപ്പോന്നിരുന്ന ആം ആദ്മി പാർട്ടിയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു – വെറും പത്തു കൊല്ലം. അതിനിടെ ഡൽഹിയിലും പഞ്ചാബിലും ഭരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ 4 സീറ്റും. 6.8% വോട്ടും രണ്ട് എംഎൽഎമാരുമായി ഗോവയിലും മോശമല്ലാത്ത പ്രകടനം. അടുത്ത കൊല്ലത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രതിപക്ഷ കക്ഷികൾ നടത്തുന്ന ഐക്യശ്രമങ്ങളിൽ ആം ആദ്മി പാർട്ടി കാര്യമായ റോൾ എടുത്തുതുടങ്ങുമെന്നു കരുതാവുന്നതാണ്.
കർണാടകയിൽ മത്സരിക്കാൻ ഒരുങ്ങവെ തങ്ങളുടെ ദേശീയ പദവി തിരഞ്ഞെടുപ്പു കമ്മിഷൻ വച്ചുതാമസിപ്പിക്കുകയാണെന്ന പരാതിയുമായി ആംആദ്മി പാർട്ടി കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ 13നു മുൻപു തീരുമാനമെടുക്കാൻ കോടതി കമ്മിഷനോടു നിർദേശിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും പഴയ പാർട്ടികളിലൊന്നായ സിപിഐക്കാണ് ഏറ്റവും വലിയ തിരിച്ചടി. നിലവിൽ രണ്ടു ലോക്സഭാംഗങ്ങളാണു പാർട്ടിക്കുള്ളത്. എംഎൽഎമാർ കേരളത്തിൽ 17, ബിഹാറിൽ 2, തമിഴ്നാട്ടിൽ 2. ബംഗാളിൽ ഒരാൾ പോലുമില്ല.
ദേശീയപാർട്ടിസ്ഥാനം നഷ്ടമായെങ്കിലും മേഘാലയയിൽ സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെട്ടത് തൃണമൂലിന് ആശ്വാസം പകരുന്നു.
ആംആദ്മി പാർട്ടി വളർച്ച
∙നാലിടത്തു സംസ്ഥാന പാർട്ടി: ഡൽഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത്
∙രണ്ടിടത്തു ഭരണം: ഡൽഹി, പഞ്ചാബ്
ഡൽഹി
2013 നിയമസഭാ തിരഞ്ഞെടുപ്പ്
∙ 70 അംഗ സഭയിൽ 28 സീറ്റ് (29.49% വോട്ട്)
∙ അധികാരത്തിൽ
∙ സംസ്ഥാന പാർട്ടി പദവി ലഭിച്ചു
2014 ലോക്സഭ
∙ ഡൽഹിയിൽ സീറ്റില്ല (21.42 % വോട്ട്)
2015 നിയമസഭാ
∙ 70 ൽ 67 സീറ്റ് (54.34% വോട്ട്)
∙ അധികാരത്തിൽ രണ്ടാം തവണ
2019 ലോക്സഭ
∙ ഡൽഹിയിൽ സീറ്റില്ല (10.97 % വോട്ട്)
2020 നിയമസഭ
∙ 70 ൽ 62 സീറ്റ് നേടി
∙ 53.57 % വോട്ട് നേടി
∙ അധികാരത്തിൽ മൂന്നാം തവണ
പഞ്ചാബ്
2014 ലോക്സഭ
∙ 13 ലോക്സഭാ സീറ്റിൽ നാലിടത്തു ജയം (24.47 % വോട്ട്)
∙ സംസ്ഥാന പാർട്ടി പദവി ലഭിച്ചു
2017 നിയമസഭ
∙ 117 ൽ 20 സീറ്റ് (23.70% വോട്ട്)
2019 ലോക്സഭ
∙ ഒരു സീറ്റിൽ ജയം (18.20 % വോട്ട്)
2022 നിയമസഭ
∙ 92 ഇടത്ത് ജയം (42.10% വോട്ട്)
∙ അധികാരത്തിൽ
ഗോവ
2022 നിയമസഭ
∙ 40ൽ 2 സീറ്റ് (6.30% വോട്ട്)
∙ സംസ്ഥാന പാർട്ടി പദവി
ഗുജറാത്ത്
2022 നിയമസഭ
∙ 182ൽ 5 സീറ്റ് (12.92% വോട്ട്)
∙ സംസ്ഥാന പാർട്ടി പദവി
English Summary: Aam Aadmi Party (AAP) recognized as a National Party