ADVERTISEMENT

ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിക്കു (എഎപി) ദേശീയപദവി ലഭിച്ച് ഒരാഴ്ചപോലും തികയും മുൻപാണു ദേശീയ കൺവീനർ കൂടിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു സിബിഐയുടെ നോട്ടിസ് ലഭിക്കുന്നത്. ദേശീയപദവി ലഭിച്ചതിനാലാണു സിബിഐയെ ഉപയോഗിച്ചു തങ്ങളെ സമ്മർദത്തിലാക്കുന്നതെന്നാണ് എഎപിയുടെ ആരോപണങ്ങളിലൊന്ന്.

മറ്റൊരു ആരോപണം അദാനി വിഷയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണു ഗൗതം അദാനിയുടെ കള്ളപ്പണമെന്നു കേജ്‌രിവാൾ നിയമസഭയിൽ ആരോപിച്ചിരുന്നു. ഈ പ്രസംഗവും സിബിഐയുടെ ഇപ്പോഴത്തെ നടപടിക്കു കാരണമാണെന്നു എഎപി കരുതുന്നു. 

പ്രതിപക്ഷത്തു ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു ധാരണയ്ക്കുള്ള നീക്കങ്ങൾ ഏറെ സജീവമായിരിക്കെയാണു കേജ്‌രിവാളിനു ചോദ്യം ചെയ്യൽ നോട്ടിസെന്നതും ശ്രദ്ധേയമാണ്. കേജ്‌‌രിവാളിന് 2 ദിവസത്തിനിടെ ഇതു രണ്ടാമത്തെ ചോദ്യം ചെയ്യൽ നോട്ടിസാണ്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്തു എഎപിക്കാർ പോസ്റ്റർ പതിച്ച് പൊതുസ്ഥലം മോശമാക്കിയെന്ന കേസിൽ 27ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ ഗോവ പൊലീസ് കഴിഞ്ഞ ദിവസം കേജ്‌രിവാളിനു നോട്ടിസ് നൽകിയിരുന്നു.

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഉൾപ്പെടെ ചോദ്യം ചെയ്തതിൽനിന്നു മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിഫണ്ടായി വിനിയോഗിച്ചെന്ന സൂചന ലഭിച്ചെന്നാണു സിബിഐ വൃത്തങ്ങൾ പറയുന്നത്. 

 കഴിഞ്ഞ 6 മാസത്തിൽ ചോദ്യം ചെയ്യലിന് കേന്ദ്ര ഏജൻസിക്കു മുന്നിൽ ഹാജരാകേണ്ടിവരുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണു കേജ്‌രിവാൾ. ഖനി അഴിമതിക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ചോദ്യം ചെയ്തിരുന്നു.

English Summary : CBI notice to Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com