ലഹരി കടത്ത്, പാക്ക് പിന്തുണ; ഒളിവിൽ നിന്ന് തെളിവിലേക്ക് അമൃത്പാൽ
Mail This Article
ന്യൂഡൽഹി∙ ‘അറസ്റ്റ് അവസാനമല്ല, തുടക്കം മാത്രമാണ്, വാരിസ് പഞ്ചാബ് ദേയുടെ നേതാവായി തലപ്പാവു കെട്ടിയ അതേ ഗുരുദ്വാരയിൽ വച്ച് പൊലീസിനു മുന്നിൽ കീഴടങ്ങുന്നു’ എന്നാണ് ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിങ് അറസ്റ്റിലായ ശേഷം പുറത്തു വിട്ട വിഡിയോയിൽ പറഞ്ഞത്. കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപു ചിത്രീകരിച്ചതാണിതെന്നു കരുതുന്നു.
കടുത്ത ഇന്ത്യ വിരുദ്ധ നിലപാടുകാരനായ അമൃത്പാൽ ദുബായിൽ നിന്ന് കഴിഞ്ഞ വർഷമാണു പഞ്ചാബിലെത്തിയത്. ‘വാരിസ് പഞ്ചാബ് ദേ’യുടെ അധ്യക്ഷനായ ഗായകൻ ദീപ് സന്ധു 2022 ഫെബ്രുവരി 15ന് റോഡ് അപകടത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ അമൃത്പാൽ സംഘടനയുടെ ചുമതലയേറ്റെടുത്തു. ഇതോടെ സാമൂഹിക സംഘടന തീവ്രവാദത്തിന്റെ വഴിയേ നീങ്ങി. ബ്രിട്ടിഷ് പൗരത്വമുള്ള കിരൺദീപിനെ വിവാഹം ചെയ്തത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.
താൻ ഒളിവിലായിരുന്നപ്പോൾ സിഖ് സമുദായത്തിനു നേരെ പൊലീസ് അമിതാധികാരം പ്രയോഗിച്ചതായി അമൃത്പാൽ വിഡിയോയിൽ ആരോപിച്ചു. ദൈവത്തിന്റെ കോടതിയിൽ താൻ തെറ്റുകാരനല്ലെന്നും പറഞ്ഞു. എന്നാൽ ഇതെല്ലാം വിടുവായത്തമാണെന്നും പഴുതടച്ച സന്നാഹമായിരുന്നതിനാൽ കീഴടങ്ങുകയല്ലാതെ മറ്റു മാർഗങ്ങൾ അമൃത്പാലിന്റെ മുന്നിലുണ്ടായിരുന്നില്ലെന്നുമാണ് ഐജി സുഖ്ചൈൻ ഗിൽ പറഞ്ഞത്.
സിഖ് യുവാക്കളെ വർഗീയവൽക്കരിച്ച് ഖലിസ്ഥാൻ വാദമുയർത്തുകയായിരുന്നു അമൃത്പാൽ ചെയ്തിരുന്നതെന്നാണു സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇയാൾക്ക് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായമുണ്ടായിരുന്നുവെന്നതിനും തെളിവുകൾ ഉണ്ട്. ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിരുന്നതെന്നു രഹസ്യാന്വേഷണ സംഘടനകൾ കണ്ടെത്തിയിരുന്നു.
മതസ്പർധ വളർത്തൽ, വധശ്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ അമൃത്പാലിനെതിരെ ചുമത്തിയിട്ടുണ്ട്. അമൃത്പാൽ 36 ദിവസം ഒളിവിലിരുന്നതിനിടയിൽ നിരവധി അനുയായികളെ പലഭാഗങ്ങളിൽ നിന്നായി പൊലീസ് പിടികൂടിയിരുന്നു.
Content Highlights: Amritpal Singh, Punjab, Waris Punjab De