അതീഖ് വധം: ഹർജി സുപ്രീംകോടതി 28ന് പരിഗണിക്കും
Mail This Article
ന്യൂഡൽഹി ∙ സമാജ്വാദി പാർട്ടി മുൻ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദ്, സഹോദരൻ അഷ്റഫ് എന്നിവർ പൊലീസിന്റെ കൺമുന്നിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി 28ന് പരിഗണിക്കും. അതീഖിന്റെ അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി നൽകിയത്. ഇതോടൊപ്പം 2017നു ശേഷം ഉത്തർപ്രദേശിൽ നടന്ന 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളും സ്വതന്ത്ര വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. 183 ക്രിമിനലുകളെ കഴിഞ്ഞ 6 വർഷത്തിനുള്ളിൽ വകവരുത്തിയതായി യുപി പൊലീസ് തന്നെയാണ് അടുത്തിടെ വെളിപ്പെടുത്തിയത്. അതീഖ് അഹമ്മദിന്റെ മകൻ അസദിന്റെ വധവും ഇതിൽ ഉൾപ്പെടുന്നു.
അതിനിടെ, അതീഖ് അഹമ്മദിന്റെ പ്രയാഗ്രാജിലെ ഓഫിസിനുള്ളിൽ രക്തക്കറ പുരണ്ട കത്തിയും തുണികളും കണ്ടെടുത്തത് ഉദ്വേഗം സൃഷ്ടിച്ചു. ഭാഗികമായി തകർത്ത ഈ കെട്ടിടത്തിന്റ ഉള്ളിൽ തറയിലും ഗോവണിയിലും രക്തം കണ്ടെത്തി. ചാക്കിയ കർബലയിലുള്ള ഈ ഇരുനിലകെട്ടിടത്തിലാണ് അതീഖിന്റെ സംഘം ആളുകളെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടത് വനിതയാണോ എന്ന് സംശയിക്കുന്നു. ഒരു സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ആണ് കണ്ടെത്തിയത്.
അലഹാബാദ് വെസ്റ്റ് എംഎൽഎ ആയിരുന്ന രാജുപാലിനെ 2005 ൽ കൊലപ്പെടുത്തിയ സംഭവത്തിലെ ദൃക്സാക്ഷി ഉമേഷ് പാലിനെ 2023 ഫെബ്രുവരിയിൽ വധിച്ച കേസിൽ അതീഖ് അഹമ്മദിനെയും അഷ്റഫിനെയും കോടതി ശിക്ഷിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടയിൽ കഴിഞ്ഞ 15ന് ആണ് ഇരുവരെയും മാധ്യമപ്രവർത്തകർ എന്ന് നടിച്ചെത്തിയവർ കൊലപ്പെടുത്തിയത്.
ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു
അതീഖിന്റെ മകൻ അസദ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ യുപി സർക്കാർ രണ്ടംഗ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു. ഹൈക്കോടതി റിട്ട. ജഡ്ജി രാജീവ് ലോചൻ മെഹ്റോത്ര, മുൻ ഡിജിപി വിജയ്കുമാർ ഗുപ്ത എന്നിവരാണ് അംഗങ്ങൾ.
English Summary: Supreme Court to hear on April 28 plea seeking independent probe into killing of Atiq Ahmed, Ashraf