പേരിനുപോരാ ചേരുവ
Mail This Article
ന്യൂഡൽഹി ∙ ബ്രെഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ചട്ടം നാളെ പ്രാബല്യത്തിൽ വരും. ഹോൾ വീറ്റ് ബ്രെഡിൽ ഇനി പേരിനു മാത്രം ഗോതമ്പും ഗാർലിക് ബ്രെഡിൽ പേരിനു മാത്രം വെളുത്തുള്ളിയും അടങ്ങിയാൽ പോര. 20 തരം ബ്രെഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതാണ് പുതിയ ചട്ടം.
ഹോൾ വീറ്റ് ബ്രെഡിൽ ഇനി മുതൽ 75 ശതമാനവും വീറ്റ് ബ്രെഡിലും ബ്രൗൺ ബ്രെഡിലും 50 ശതമാനവും ഗോതമ്പ് തന്നെയായിരിക്കണം. ഗാർലിക് ബ്രെഡിൽ 2% എങ്കിലും വെളുത്തുള്ളിയോ അനുബന്ധ പ്രകൃതിദത്ത ചേരുവയോ ഉണ്ടായിരിക്കണം. ഓട്മീൽ ബ്രെഡിൽ 15% ഓട്സ് അടങ്ങിരിക്കണം. മൾട്ടി ഗ്രെയിൻ ബ്രെഡിൽ ഗോതമ്പിനു പുറമേ നാളെമുതലുള്ള ഒരു വർഷം 10 ശതമാനവും പിന്നീട് 20 ശതമാനവും മറ്റു ധാന്യപ്പൊടികളും വേണം.
മിൽക്ക് ബ്രെഡിൽ 6% പാലും ഹണി ബ്രെഡിൽ 5% തേനും ചീസ് ബ്രെഡിൽ 10% വെണ്ണയും ഉൾപ്പെടുത്തണം. ഫ്രൂട്ട് ബ്രെഡിൽ ഫ്രൂട്ടും റെയ്സിൻ ബ്രെഡിൽ ഉണക്കമുന്തിരിയും 10% വീതം വേണം. പ്രോട്ടീൻ എൻറിച്ച്ഡ് ബ്രെഡിൽ 15 % പ്രോട്ടീനും.
പേരിനു മാത്രം പ്രത്യേക ചേരുവ ഉൾപ്പെടുത്തി ഉയർന്ന വിലയ്ക്ക് ബ്രെഡ് വിൽക്കുന്നതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ചട്ടം കൊണ്ടുവന്നത്.
English Summary: Ingredient of bread norms