‘ഗോൾഡി ബ്രാർ’ പിടികിട്ടാപ്പുള്ളി
Mail This Article
ടൊറന്റോ ∙ പഞ്ചാബിലെ ജനപ്രിയ ഗായകനും രാഷ്ട്രീയ നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകത്തിനു പിന്നിലെ മുഖ്യസൂത്രധാരൻ എന്നു കരുതുന്ന ഗോൾഡി ബ്രാറിനെ (29) കാനഡ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർ സിങ് ബ്രാർ ഉൾപ്പെടെ 25 പേരുടെ കട്ടൗട്ട് ചിത്രങ്ങൾ ടൊറന്റോയിലെ യോങ്–ഡുണ്ടാസ് ചത്വരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
2017 ൽ സ്റ്റുഡന്റ് വീസയിൽ കാനഡയിലെത്തിയ പഞ്ചാബിലെ മുക്ത്‌സർ സ്വദേശിയായ ബ്രാർ, 2022 മേയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിൽ വെടിയേറ്റു മരിച്ച സിദ്ദു മൂസാവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിങ് സിദ്ദുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
പഞ്ചാബിലെ ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിൽ ഉൾപ്പെടുന്ന ഇയാൾക്കെതിരെ 2022 ജൂണിൽ ഇന്റർപോൾ റെഡ് നോട്ടിസ് ഇറക്കിയിരുന്നു.
English Summary: Gangster Goldy Brar added to Canada's 25 most-wanted fugitives' list