ഷാങ്ഹായ് സഹകരണ ഉച്ചകോടി: ബിലാവൽ ഗോവയിലെത്തി
Mail This Article
ന്യൂഡൽഹി ∙ ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനായി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിലെത്തി. ക്രിയാത്മകമായിരിക്കും സമ്മേളനമെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ വിദേശകാര്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നാണ് ഔപചാരിക സമ്മേളനം.
ആധ്യക്ഷ്യം വഹിക്കുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനീസ് വിദേശമന്ത്രി ക്വിൻ ഗാങ്, റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്‌റോവ് എന്നിവരുമായി ഉഭയകക്ഷി ചർച്ചകളും നടത്തി. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ചർച്ചകളുണ്ടാകുമോ എന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.
2011 നു ശേഷം ആദ്യമായാണ് പാക്ക് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. 2014 ൽ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയ്ക്ക് അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തിയിരുന്നു. ഇന്ത്യയുമായി ചർച്ചകൾക്കു തയാറാണെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രസ്താവിച്ചതിനു തൊട്ടു പിന്നാലെയാണ് എസ്‌സിഒ യോഗത്തിൽ പങ്കെടുക്കാനായി ഇന്ത്യ പാക്ക് വിദേശകാര്യ മന്ത്രിയെ ക്ഷണിച്ചത്. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നങ്ങളും അതിർത്തി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്തതായി ജയശങ്കർ പറഞ്ഞു.
English Summary : Bilawal Bhutto arrived Goa for Shanghai cooperation organisation summit