‘ആത്മാഭിമാനസംരക്ഷണത്തിനുള്ള പോരാട്ടം’: കെടാക്കനലായി ഷെട്ടർ
Mail This Article
ഹുബ്ബള്ളി–ധാർവാഡ് സെൻട്രൽ സീറ്റിലെ കോൺഗ്രസ് സ്ഥാനാർഥിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടറി (67)ന്റെയുള്ളിൽ ആത്മാഭിമാനം മുറിപ്പെട്ടതിന്റെ കെടാക്കനലുണ്ട്. ഹുബ്ബള്ളി–ധാർവാഡ് ജില്ലയിൽ ബിജെപിയെന്നാൽ ഷെട്ടറായിരുന്നു, കഴിഞ്ഞ ഏപ്രിൽ 17വരെ. ഇക്കുറി നിയമസഭാ സീറ്റ് നൽകാതെ വന്നതോടെയാണു ഷെട്ടർ കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നത്. ഇതു തന്റെ അവസാന തിരഞ്ഞെടുപ്പാണെന്നു പ്രഖ്യാപിച്ച അദ്ദേഹം വളരെ വൈകാരികമായാണു കൈകൂപ്പി വോട്ടു ചോദിക്കുന്നത്.
ഹുബ്ബള്ളി കേശ്വപുര മാരുതി ക്ഷേത്രത്തിനുമുന്നിൽനിന്നു ഷെട്ടറിന്റെ റോഡ് ഷോ ആരംഭിച്ചു. ഭാര്യയും മകനുമുണ്ട് കൂടെ. കന്നഡ ഇതിഹാസതാരം രാജ്കുമാറിന്റെ മകനും താരവുമായ ശിവരാജ്കുമാറും ഭാര്യ ഗീതയും ഷെട്ടറിനൊപ്പം തുറന്ന പ്രചാരണ വാഹനത്തിലേറി. വഴിയോരത്ത് എൽസിഡി സ്ക്രീനിൽ കന്നഡ സിനിമയുടെ പ്രിയ താരം മൺമറഞ്ഞ പവർ സ്റ്റാർ പുനീത് രാജ്കുമാർ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാധകരോടു വോട്ടുചെയ്യാൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ.
1994 മുതൽ 6 തവണ താമരചിഹ്നത്തിൽ വിജയിച്ചിട്ടുള്ള ഷെട്ടറിനെ ഇക്കുറി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്കിനക്കായാണു നേരിടുന്നത്. ഷെട്ടറിനെപോലെ തെങ്കിനക്കായും ബണജിഗെ ലിംഗായത്ത് സമുദായത്തിൽ നിന്നാണ്. ഷെട്ടറിനെ ബിജെപി അപമാനിച്ചു എന്നൊരു വികാരം സമുദായത്തിലുണ്ട്. ഇവരുടെ വോട്ടുകൾ ഇക്കുറി ബിജെപിക്കും കോൺഗ്രസിനുമിടയിൽ ഭിന്നിക്കും.
കിട്ടൂർ (മുംബൈ) കർണാടകയുടെ ഭാഗമായ ഹുബ്ബള്ളി–ധാർവാർഡ് സെൻട്രൽ സീറ്റിൽ വലിയൊരു വിഭാഗം മറാഠ വോട്ടർമാർ എക്കാലത്തും ഷെട്ടറിനെ പിന്തുണച്ചിരുന്നു. എന്നാൽ കോൺഗ്രസിലേക്കുള്ള മാറ്റത്തെ മറാഠ സമുദായം ഉൾക്കൊള്ളുമോ എന്ന ആശങ്ക അണികൾക്കിടയിലുണ്ട്. പകരം മുസ്‌ലിം വിഭാഗത്തിന്റെ പിന്തുണയുണ്ടാകും.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഡോ. മഹേഷ് നലവഡിനെ 21306 വോട്ടുകൾക്കാണ് ഷെട്ടർ പരാജയപ്പെടുത്തിയത്. ബിജെപിക്ക് 51.31%, കോൺഗ്രസിന് 36.89% എന്നിങ്ങനെയായിരുന്നു വോട്ടുവിഹിതം.
പ്രചാരണ പ്രസംഗങ്ങളിൽ ഷെട്ടർ നരേന്ദ്ര മോദിയേയോ അമിത് ഷായേയോ വിമർശിക്കുന്നില്ല; ആക്രമിക്കുന്നത് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനെയും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയെയും മാത്രം. ബിജെപിക്കായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും യെഡിയൂരപ്പയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും നടൻ സുദീപുമാണ് ഇവിടെ പ്രചാരണം നയിച്ചത്.
ഷെട്ടർ മനോരമയോട്:
∙ രാഷ്ട്രീയനേട്ടങ്ങൾക്കായല്ല, ആത്മാഭിമാനസംരക്ഷണത്തിനു മാത്രമായുള്ള പോരാട്ടമാണിതെന്നു പല വേദികളിൽ താങ്കൾ പറഞ്ഞു. വലിയ രാഷ്ട്രീയ പ്രതീക്ഷകൾ ഇനിയില്ലെന്നാണോ?
ഉപാധികളൊന്നും മുന്നോട്ടുവച്ചല്ല കോൺഗ്രസിൽ ചേർന്നത്. യെഡിയൂരപ്പയ്ക്കുശേഷം ലിംഗായത്തെന്ന നിലയ്ക്ക് ബിജെപിയിൽ വലിയ സ്ഥാനം ചോദിച്ചേക്കുമോ എന്ന ആശങ്കയാണു സീറ്റ് നിഷേധിച്ചതിനുപിന്നിൽ. അധികാരക്കൊതി ഉണ്ടായിരുന്നെങ്കിൽ ബസവരാജ് ബൊമ്മെ സർക്കാരിന്റെ ഭാഗമാകുമായിരുന്നില്ലേ?
∙ ശീലിച്ചുവന്ന പ്രചാരണരീതികളിൽ ഇക്കുറി മാറ്റമില്ലേ?
കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയ്ക്കു വോട്ടർമാരെ നേരിടാൻ ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു. എന്നാൽ ബിജെപി കാണിച്ച വഞ്ചനയെക്കുറിച്ച് എല്ലാവർക്കുമറിയാം. നാളിതുവരെ അഴിമതിക്കറ പുരളാത്ത രാഷ്ട്രീയ ജീവിതമാണെന്റേത്. ഒട്ടേറെ വികസനങ്ങളും കൊണ്ടു വന്നിട്ടുണ്ട്. വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്നു വിശ്വാസമുണ്ട്.
English Summary: Jagadish Shettar campaign Karnataka Assembly Election 2023