പ്രസവാനന്തര രക്തസ്രാവം: ‘ഇ മോട്ടിവ്’ പുതുചികിത്സ
Mail This Article
ന്യൂഡൽഹി ∙ പ്രസവാനന്തര രക്തസ്രാവം കൃത്യമായി മനസ്സിലാക്കി ഇടപെടൽ നടത്താനുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ‘ഇ മോട്ടിവ്’ ക്ലിനിക്കൽ ട്രയൽ വിജയകരം. ഗുരുതര രക്തസ്രാവം 60% വരെ കുറയ്ക്കാനും മരണം ഒഴിവാക്കാനും കഴിയുമെന്നാണു കണ്ടെത്തൽ. ഡബ്ല്യുഎച്ച്ഒയിലെയും ബർമിങ്ങാം സർവകലാശാലയിലെയും ഗവേഷകർ ചേർന്നാണു പരീക്ഷണം നടത്തിയത്.
പ്രസവാനന്തരം നഷ്ടമാകുന്ന രക്തത്തിന്റെ തോത് അനുമാനത്തിലൂടെ തീരുമാനിക്കുന്നതിനു പകരം കൃത്യമായി മനസ്സിലാക്കുന്ന രീതിയാണ് ഇ മോട്ടിവ്. നഷ്ടപ്പെടുന്ന രക്തം ശേഖരിക്കുന്ന സംവിധാനം (ഡ്രേപ്) ഉപയോഗിക്കും. ശേഖരിച്ച രക്തത്തിന്റെ തോത് മനസ്സിലാക്കി രക്തസ്രാവം ഗുരുതരമാണോ സാധാരണമാണോ എന്നു തീരുമാനിച്ചാകും ചികിത്സ. ആശുപത്രികളിലെ മിഡ്‌വൈഫ് നഴ്സുമാർക്ക് തന്നെ കൈകാര്യം ചെയ്യാനുമാകും.
പ്രസവാനന്തരമുള്ള 24 മണിക്കൂറിനിടെ അരലീറ്ററിലേറെ രക്തം നഷ്ടമാകുന്നതാണ് അമിത രക്തസ്രാവം. ഇത് ലോകത്ത് ഓരോ വർഷവും 1.4 കോടിയാളുകളെ ബാധിക്കുന്നു. ഇവരിൽ 70,000 പേർ മരിക്കുന്നു.
English Summary : E Motive treatment to reduce post delivery bleeding