കർണാടക മുഖ്യൻ: പ്രഖ്യാപനം ഇന്നുണ്ടായേക്കും; സോണിയയിൽ വിശ്വാസമർപ്പിച്ച് ശിവകുമാർ
Mail This Article
ന്യൂഡൽഹി ∙ കർണാടകയിൽ മുഖ്യമന്ത്രിപദത്തിനായി സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിലുള്ള പോരു തുടരുന്ന സാഹചര്യത്തിൽ, മധ്യസ്ഥത വഹിക്കാൻ സോണിയ ഗാന്ധി രംഗത്തിറങ്ങുന്നു. ഇരുവർക്കും രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം നൽകാനാണു സാധ്യതയെങ്കിലും ആദ്യം ആരു ഭരിക്കണമെന്നതടക്കമുള്ള കാര്യങ്ങളിൽ സോണിയയുടെ നിലപാട് നിർണായകമാകും.
പ്രിയങ്ക ഗാന്ധിക്കൊപ്പം ഹിമാചലിലെ ഷിംലയിലുള്ള സോണിയ ഇന്നു ഡൽഹിയിലെത്തും. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണു പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും യോജിപ്പ്. ഇതേസമയം, സംസ്ഥാനത്തെ പ്രബലസമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ എന്നിവയുടെ പിന്തുണയുള്ള ശിവകുമാർ സിദ്ധരാമയ്യയെ പിന്തള്ളി 5 വർഷത്തേക്കും മുഖ്യമന്ത്രി സ്ഥാനം പിടിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്.
ഖർഗെയുമായി ഇന്നലെ ഡൽഹിയിൽ ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തിയ സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിപദത്തിനായുള്ള അവകാശവാദത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കിയതോടെയാണ്, പ്രശ്നപരിഹാരത്തിനു സോണിയയുടെ മധ്യസ്ഥത തേടാൻ ഖർഗെ തീരുമാനിച്ചത്. ഒരുഘട്ടത്തിൽ സിദ്ധരാമയ്യയെ വെട്ടാൻ മല്ലികാർജുൻ ഖർഗെയോടു മുഖ്യമന്ത്രിയാകാനും ശിവകുമാർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ ഇന്ന് ബെംഗളൂരുവിൽ ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇരു നേതാക്കളെയും ഒപ്പം നിർത്തി ഐക്യമുറപ്പിച്ചശേഷമാവും ഖർഗെ പ്രഖ്യാപനം നടത്തുക. ഉപമുഖ്യമന്ത്രിമാരെയും ഇന്നു പ്രഖ്യാപിക്കുമെന്നാണു വിവരം. നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞ നീട്ടിവച്ചേക്കും.
സോണിയയിൽ വിശ്വാസമർപ്പിച്ച് ശിവകുമാർ
മുഖ്യമന്ത്രിപദം വീതിച്ചു നൽകാമെന്ന നിർദേശം ഹൈക്കമാൻഡ് മുന്നോട്ടുവച്ചെങ്കിലും വീതംവയ്പ് പറ്റില്ലെന്നും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ അദ്ദേഹത്തിനു കീഴിൽ ഉപമുഖ്യമന്ത്രിയാകാൻ താനില്ലെന്നും തുടക്കത്തിൽ ശിവകുമാർ നിലപാടെടുത്തു. ഒന്നുകിൽ തന്നെ 5 വർഷത്തേക്കു മുഖ്യമന്ത്രിയാക്കുക, അല്ലെങ്കിൽ മന്ത്രിസഭയിലേക്കു താനില്ല എന്ന ശിവകുമാറിന്റെ നിലപാടിനോടു വിയോജിച്ച ഹൈക്കമാൻഡ് വീതംവയ്പ് മാത്രമാണു പോംവഴിയെന്നു വ്യക്തമാക്കി.
മറ്റുവഴികളില്ലെങ്കിൽ ശിവകുമാർ വീതംവയ്പിനു വഴങ്ങുമെന്നാണു സൂചന. പക്ഷേ, ആദ്യപകുതിക്കു വേണ്ടി നിർബന്ധം പിടിക്കും. ആദ്യം താൻ തന്നെ മുഖ്യമന്ത്രിയെന്ന നിലപാടിലാണ് സിദ്ധരാമയ്യയും.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനാണ് ഒടുവിൽ ഹൈക്കമാൻഡ് തീരുമാനിക്കുന്നതെങ്കിൽ പകരം തനിക്കുള്ള വാഗ്ദാനങ്ങൾ സംബന്ധിച്ച ഉറപ്പ് സോണിയയിൽനിന്നു നേരിട്ടു നേടിയെടുക്കുകയാണ് ശിവകുമാറിന്റെ ലക്ഷ്യം. പാർട്ടി എന്തു തീരുമാനമെടുത്താലും സോണിയയുടെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യത്തിന്റെ പിന്നിൽ ഇതാണ്.
ഭരണത്തിന്റെ ആദ്യപകുതി സിദ്ധരാമയ്യയ്ക്കെങ്കിൽ രണ്ടര വർഷത്തിനുശേഷം താൻ മുഖ്യമന്ത്രി, ഇപ്പോൾ ആഭ്യന്തരമടക്കമുള്ള പ്രധാനവകുപ്പുകളിൽ തന്റെ അനുയായികൾക്കു മന്ത്രിസ്ഥാനം എന്നീ ഉറപ്പുകളാണു ശിവകുമാർ സോണിയയിൽനിന്നു പ്രതീക്ഷിക്കുന്നത്.
English Summary: Tussle between Siddaramaiah and DK Sivakumar for Karnataka chief minister post continues