ADVERTISEMENT

ന്യൂഡൽഹി ∙ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടിട്ടും കർണാടക മുഖ്യമന്ത്രിപ്പോരിനു പരിഹാരമായില്ല. സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനുമിടയിൽ സമവായം ഉറപ്പിച്ച് മുഖ്യമന്ത്രിയെ ഇന്നലെ പ്രഖ്യാപിക്കാനുള്ള ശ്രമം വിഫലമായി. ആദ്യ 2 വർഷം സിദ്ധരാമയ്യയ്ക്കും ബാക്കി 3 വർഷം ശിവകുമാറിനും നൽകാമെന്ന ഹൈക്കമാൻഡിന്റെ പരിഹാര ഫോർമുല ശിവകുമാർ തള്ളി. പൂർണ ടേം അനുവദിക്കുക, അല്ലെങ്കിൽ ആദ്യ ഊഴം വേണമെന്നതാണു നിലപാട്.

ശിവകുമാറിന്റെ വാഗ്ദാനം: ലോക്സഭയിൽ 20 സീറ്റ്

സിദ്ധരാമയ്യയെ ആദ്യം മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ശിവകുമാർ നിരത്തിയ വാദങ്ങൾ:

∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിനു ലഭിച്ചത്. തന്റെ സഹോദരൻ ഡി.കെ. സുരേഷ് അന്നു ജയിച്ചത് സ്വന്തം പ്രതിഛായയുടെ ബലത്തിലാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ കരുത്തോടെ നേരിടാൻ തനിക്കു കീഴിൽ പുതിയ നിര നേതൃത്വം ഏറ്റെടുക്കണം. തന്നെ മുഖ്യമന്ത്രിയാക്കിയാൽ 20 സീറ്റ് നേടിയെടുക്കാം.

∙ കൂടുതൽ എംഎൽഎമാർ ഒപ്പമുണ്ടെന്ന സിദ്ധരാമയ്യയുടെ വാദം അംഗീകരിക്കാനാവില്ല. സ്ഥാനാർഥികൾ മത്സരിച്ച് എംഎൽഎമാരായത് കോൺഗ്രസ് ടിക്കറ്റിലാണ്; സിദ്ധരാമയ്യയുടെ ടിക്കറ്റിലല്ല. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പല എംഎൽഎമാരെയും സിദ്ധരാമയ്യ ഒപ്പം കൂട്ടുകയാണ്.

ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം അംഗീകരിച്ചില്ല

സിദ്ധരാമയ്യയ്ക്കു കീഴിൽ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവും ശിവകുമാർ അംഗീകരിച്ചില്ല. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ താൻ മന്ത്രിസഭയിലേക്കില്ലെന്നും തീർത്തുപറഞ്ഞു. ഇതോടെ, പ്രഖ്യാപനം നീട്ടിവയ്ക്കാൻ ഹൈക്കമാൻ‍ഡ് തീരുമാനിക്കുകയായിരുന്നു. അന്തിമ തീരുമാനമാകുംവരെ ഡൽഹിയിൽ തുടരാൻ ഇരു നേതാക്കളും തീരുമാനിച്ചതോടെ പോര് മുറുകി. ഭാവി നീക്കങ്ങൾക്കു രൂപം നൽകാൻ ഇരുവരും തങ്ങൾക്കൊപ്പമുള്ള എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ഇതിനിടെ, മുഖ്യമന്ത്രി പദത്തിൽ ആദ്യ ഊഴം ലഭിക്കുമെന്ന ധാരണയിൽ ഇന്നു ബെംഗളൂരുവിൽ സത്യപ്രതിജ്ഞ നടത്താൻ സിദ്ധരാമയ്യ ഒരുക്കം തുടങ്ങിയത് ശിവകുമാറിനെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയെ ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുൻപുള്ള സിദ്ധരാമയ്യയുടെ നടപടിയിൽ ഹൈക്കമാൻഡും അമർഷം രേഖപ്പെടുത്തിയതോടെ ഒരുക്കങ്ങൾ നിർത്തിവച്ചു.

മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് തീവ്രശ്രമം നടത്തുകയാണ്. ഉപമുഖ്യമന്ത്രിമാരെയും മറ്റു മന്ത്രിമാരെയും കൂടി തീരുമാനിച്ച് ഒന്നിച്ചു പ്രഖ്യാപിക്കാനാണു ശ്രമം. സത്യപ്രതിജ്ഞ ശനിയാഴ്ചയോ ഞായറാഴ്ചയോ നടത്താനും ആലോചിക്കുന്നു.

ശിവകുമാറിന്റെ പടപ്പുറപ്പാടിന്റെ പശ്ചാത്തലത്തിൽ സിദ്ധരാമയ്യയും നിലപാട് കടുപ്പിച്ച് തനിക്കും 5 വർഷം വേണമെന്നു നിലപാടെടുത്താൽ പ്രതിസന്ധി മൂർച്ഛിക്കും. ശക്തി കാട്ടാൻ ഇരു നേതാക്കൾക്കും ഒപ്പമുള്ള കൂടുതൽ എംഎൽഎമാർ ഡൽഹിയിലെത്താനുള്ള സാധ്യതയുമുണ്ട്. സിദ്ധരാമയ്യ, ശിവകുമാർ എന്നിവരുമായി കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ ഇന്നലെ നടത്തിയ ചർച്ച അർധരാത്രി വരെ നീണ്ടു.

English Summary: DK Sivakumar toughens stand for chief minister post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com