ഉപമുഖ്യമന്ത്രി, മന്ത്രിപദവികൾ: സമ്മർദം തുടർന്ന് നേതാക്കൾ
Mail This Article
ബെംഗളൂരു∙ ഡി.കെ.ശിവകുമാർ ആയിരിക്കും ഏക ഉപമുഖ്യമന്ത്രിയെന്ന് എഐസിസി പ്രഖ്യാപിച്ചെങ്കിലും ഈ പദവിയിലേക്കു മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഡോ.ജി പരമേശ്വര, എം.ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, സമീർ അഹമ്മദ് എന്നിവർ സമ്മർദം തുടരുകയാണ്. ദലിത് വിഭാഗത്തിൽനിന്നുള്ളയാളെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പ്രതികൂലപ്രതികരണം ഉണ്ടാകുമെന്നും പാർട്ടിക്കു ബുദ്ധിമുട്ടാകുമെന്നും പരമേശ്വര മുന്നറിയിപ്പുനൽകി.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയ്ക്ക് ഉപമുഖ്യമന്ത്രി പദവും ആഭ്യന്തരവകുപ്പും ആവശ്യപ്പെട്ടു ദലിത് പാന്തേഴ്സ് സംഘടനയും രംഗത്തുവന്നു. സാമുദായിക, മേഖലാ അനുപാതം പാലിച്ചുവേണം മന്ത്രിമാരെ തിരഞ്ഞെടുക്കാൻ എന്ന വാദവും ശക്തമാണ്. 34 പേരെയാണു മന്ത്രിസഭയിൽ പരമാവധി ഉൾപ്പെടുത്താനാകുക.
ജോർജ്, ഖാദർ സാധ്യതാപട്ടികയിൽ
മലയാളികളായ കെ.ജെ ജോർജ്, യു.ടി.ഖാദർ എന്നിവരെക്കൂടാതെ രാമലിംഗറെഡ്ഡി, ലക്ഷ്മി ഹെബ്ബാൾക്കർ, ഈശ്വർ ഖണ്ഡ്രെ, കെ.എച്ച് മുനിയപ്പ, എച്ച്.സി. മഹാദേവപ്പ തുടങ്ങിയവരുടെ പേരുകളാണു മന്ത്രിസ്ഥാനത്തേക്ക് ഉയർന്നുവന്നിട്ടുള്ളത്. ബിജെപി വിട്ടു കോൺഗ്രസിൽ എത്തിയ ലക്ഷ്മൺ സാവദി (അത്തനി), ദളിൽ നിന്നെത്തിയ എസ്.ആർ. ശ്രീനിവാസ് (ഗുബ്ബി) എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എംഎൽസിമാരായ ബി.കെ ഹരിപ്രസാദ് (നിയമനിർമാണ കൗൺസിൽ കക്ഷി നേതാവ്), പിസിസി വർക്കിങ് പ്രസിഡന്റ് സലിം അഹമ്മദ് എന്നിവർക്കും സാധ്യതയുണ്ട്.
English Summary : Pressure continues for Deputy Chief Minister and Minister post in Karnataka