ADVERTISEMENT

ന്യൂഡൽഹി∙ മുഖ്യമന്ത്രി പദത്തിനായുള്ള വടംവലിയിൽ ഒരിഞ്ചു പിന്നോട്ടുപോകാതെ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും നിലപാടു കടുപ്പിച്ചതോടെ, സമീപകാലത്തു സംഘടനാതലത്തിൽ കോൺഗ്രസ് നേരിട്ട ദുഷ്കര പ്രതിസന്ധിയായി കർണാടക മാറി. ഇന്നലെ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടിട്ടും പ്രശ്നം തീർക്കാനായില്ല. ദേശീയ നേതൃത്വവുമായി ഇന്നലെ രാവിലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ ഉറപ്പിച്ചതിനുപിന്നാലെയാണു ശിവകുമാർ അതു വെട്ടിയത്. തുടർന്ന് ഇന്നു പുലർച്ചെ വരെ നീണ്ട മാരത്തൺ ചർച്ചയിലാണ് അനുനയമുണ്ടായത്.

ഇന്നലെ നടന്നത്

∙ രാവിലെ 11.30: സോണിയ ഗാന്ധിയുടെ വസതിയിലേക്കു സിദ്ധരാമയ്യയും ഏതാനും എംഎൽഎമാരും എത്തുന്നു. അവിടെ രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായി ചർച്ച. ഷിംലയിലുള്ള സോണിയ ഓൺലൈൻ വഴി ചർച്ചയിൽ ചേർന്നു. മുഖ്യമന്ത്രി പദം വീതംവയ്ക്കാമെന്ന ഫോർമുല സോണിയ മുന്നോട്ടു വയ്ക്കുന്നു. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ ആദ്യ 2 വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും; പിന്നീട് ശിവകുമാറും. ആദ്യ ഭാഗം ലഭിക്കുന്നതിനാൽ സിദ്ധരാമയ്യയ്ക്കു സമ്മതം. പന്ത്രണ്ടരയോടെ സിദ്ധരാമയ്യ പുറത്തേക്ക്. ഒപ്പമുള്ളവർ വിജയചിഹ്നം കാട്ടുന്നു.

∙ ഉച്ചയ്ക്ക് 12.45: ഡി.കെ.ശിവകുമാറും സഹോദരൻ ഡി.കെ.സുരേഷും സോണിയയുടെ വസതിയിലേക്ക്. മുഖ്യമന്ത്രി പദം വീതംവയ്ക്കാമെന്നും ആദ്യ ഭാഗം സിദ്ധരാമയ്യയ്ക്കു നൽകാതെ മറ്റു വഴിയില്ലെന്നും ഹൈക്കമാൻഡ്. 3 വർഷം മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ശിവകുമാർ തള്ളി. കർണാടകയിൽ പാർട്ടിയെ കെട്ടിപ്പടുത്തതു തന്റെ നേതൃത്വത്തിലാണെന്നും 5 വർഷത്തേക്കോ അല്ലെങ്കിൽ ആദ്യ പകുതിയിലോ തനിക്കു മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ആവശ്യം. രണ്ടു മണിയോടെ ശിവകുമാർ പുറത്തേക്ക്.

∙ ഇതിനിടെ, വൈകിട്ട് ബെംഗളൂരുവിലേക്കു മടങ്ങാൻ സിദ്ധരാമയ്യ തയാറെടുക്കുന്നു. ഇന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള ഒരുക്കങ്ങളും ആരംഭിക്കുന്നു.

∙ ഉച്ചയ്ക്ക് 2.15: സോണിയയുടെ വസതിയിൽനിന്ന് ശിവകുമാർ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ വസതിയിലേക്ക്. സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ സിദ്ധരാമയ്യ നടത്തുന്ന ഒരുക്കങ്ങളിൽ പ്രതിഷേധം അറിയിക്കുന്നു. താൻ പിസിസി പ്രസിഡന്റായിരിക്കുന്ന സംസ്ഥാനത്തു തന്നെ പോലും അറിയിക്കാതെ സത്യപ്രതിജ്ഞ നിശ്ചയിച്ച സിദ്ധരാമയ്യയെ എങ്ങനെ വിശ്വസിക്കുമെന്നു ശിവകുമാറിന്റെ ചോദ്യം. ഒൗദ്യോഗിക പ്രഖ്യാപനം വരും മുൻപേ ഒരുക്കങ്ങൾ നടത്തിയ സിദ്ധരാമയ്യയുടെ നടപടിയിൽ ഖർഗെക്കും അമർഷം. മുഖ്യമന്ത്രി പദത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ശിവകുമാർ. സിദ്ധരാമയ്യയെ ആദ്യം മുഖ്യമന്ത്രിയാക്കിയാൽ പിന്നീട് അദ്ദേഹം ഒഴിയില്ലെന്നും രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനുണ്ടായ ഗതി തനിക്കും നേരിടേണ്ടി വരുമെന്നും വാദം. അന്തിമ തീരുമാനമെടുക്കും മുൻപു വീണ്ടും വിശദ ചർച്ചകൾ നടത്താമെന്ന് ഖർഗെയുടെ ഉറപ്പ്.

∙ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ഖർഗെയുടെ വസതിക്കു പുറത്തു മാധ്യമങ്ങളെ കണ്ടു. മുഖ്യമന്ത്രി പദം സംബന്ധിച്ചു തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഇന്നു പ്രഖ്യാപനം വന്നേക്കുമെന്നും അറിയിച്ചു.

∙ വൈകിട്ട് 4.30: ഖർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സഹോദരൻ ഡി.കെ.സുരേഷിന്റെ ഫ്ലാറ്റിലേക്ക് ശിവകുമാർ എത്തുന്നു. മുഖ്യമന്ത്രി പദം വീണ്ടും അനിശ്ചിതത്വത്തിലായതോടെ, ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റ് റദ്ദാക്കി ഡൽഹിയിൽ തുടരാൻ സിദ്ധരാമയ്യയുടെ തീരുമാനം.

പരസ്യപ്രതികരണം വിലക്കി

കർണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ കോൺഗ്രസ് ഹൈക്കമാൻ‍ഡ് വിലക്കി. അത്തരം പ്രതികരണങ്ങൾ നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു. യുപി, അസം, ഗോവ എന്നിവിടങ്ങളിൽ 10 ദിവസം വരെയെടുത്താണു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരെ തീരുമാനിച്ചത്. അന്നു മാധ്യമങ്ങൾ ഒരു വാക്ക് പോലും മിണ്ടിയില്ലെന്നും സുർജേവാല ചൂണ്ടിക്കാട്ടി.

English Summary: Siddaramaiah, DK Sivakumar race for Karnataka chief minister post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com