കർണാടകയിൽ മഞ്ഞുരുക്കം; മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ, ശിവകുമാർ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച
Mail This Article
ന്യൂഡൽഹി ∙സിദ്ധരാമയ്യയ്ക്കും ഡി.കെ. ശിവകുമാറിനുമിടയിൽ സമവായമായെന്നു റിപ്പോർട്ട്. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്നു പുലർച്ചെ വരെ നീണ്ട ചർച്ചയിലാണ് അനുനയമുണ്ടായത്. സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. സിദ്ധരാമയ്യയ്ക്കു കീഴിൽ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ആദ്യം നിരസിച്ച ശിവകുമാർ പിന്നീട് വഴങ്ങി എന്നാണു സൂചന. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. ഉപമുഖ്യമന്ത്രിമാരെയും മറ്റു മന്ത്രിമാരെയും കൂടി തീരുമാനിച്ച് ഒന്നിച്ചു പ്രഖ്യാപിക്കാനാണു ശ്രമം.
ആദ്യ 2 വർഷം സിദ്ധരാമയ്യയ്ക്കും ബാക്കി 3 വർഷം ശിവകുമാറിനും നൽകാമെന്ന ഹൈക്കമാൻഡിന്റെ പരിഹാര ഫോർമുല ശിവകുമാർ തള്ളി. പൂർണ ടേം അനുവദിക്കുക, അല്ലെങ്കിൽ ആദ്യ ഊഴം വേണമെന്നതായിരുന്നു നിലപാട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ താൻ മന്ത്രിസഭയിലേക്കില്ലെന്നും തീർത്തുപറഞ്ഞിരുന്നു. സിദ്ധരാമയ്യ, ശിവകുമാർ എന്നിവരുമായി കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ ഇന്നലെ നടത്തിയ ചർച്ച പുലർച്ചെ വരെ നീണ്ടു.
ശിവകുമാറിന്റെ വാഗ്ദാനം: ലോക്സഭയിൽ 20 സീറ്റ്
സിദ്ധരാമയ്യയെ ആദ്യം മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ശിവകുമാർ നിരത്തിയ വാദങ്ങൾ:
∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിനു ലഭിച്ചത്. തന്റെ സഹോദരൻ ഡി.കെ. സുരേഷ് അന്നു ജയിച്ചത് സ്വന്തം പ്രതിഛായയുടെ ബലത്തിലാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ കരുത്തോടെ നേരിടാൻ തനിക്കു കീഴിൽ പുതിയ നിര നേതൃത്വം ഏറ്റെടുക്കണം. തന്നെ മുഖ്യമന്ത്രിയാക്കിയാൽ 20 സീറ്റ് നേടിയെടുക്കാം.
∙ കൂടുതൽ എംഎൽഎമാർ ഒപ്പമുണ്ടെന്ന സിദ്ധരാമയ്യയുടെ വാദം അംഗീകരിക്കാനാവില്ല. സ്ഥാനാർഥികൾ മത്സരിച്ച് എംഎൽഎമാരായത് കോൺഗ്രസ് ടിക്കറ്റിലാണ്; സിദ്ധരാമയ്യയുടെ ടിക്കറ്റിലല്ല. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പല എംഎൽഎമാരെയും സിദ്ധരാമയ്യ ഒപ്പം കൂട്ടുകയാണ്.
English Summary: Siddaramaiah new chief minister of Karnataka