ADVERTISEMENT

ബെംഗളൂരു ∙ അഴിമതിക്കറ പുരളാത്ത കോൺഗ്രസ് നേതാവ്. സോഷ്യലിസ്റ്റ്. പണാധിപത്യത്തിന്റെ കന്നഡ രാഷ്ട്രീയത്തിൽ സിദ്ധരാമയ്യ (75) ശക്തമായ നിലപാടുകൾ കൊണ്ടു വ്യത്യസ്തനാണ്. 45 ശതമാനത്തോളം വരുന്ന ദലിത് – ന്യൂനപക്ഷ – പിന്നാക്ക വിഭാഗത്തിന്റെ പിന്തുണ അദ്ദേഹത്തെ അനിഷേധ്യനാക്കുന്നു. പ്രബല സാമുദായിക ശക്തികളായ ലിംഗായത്തുകളും വൊക്കലിഗരും രാഷ്ട്രീയശക്തിയായ കർണാടകയിൽ, 7 ശതമാനമുള്ള കുറുബർക്കിടയിൽനിന്ന് ഉയർന്നുവന്ന നേതാവ്. മുഖ്യമന്ത്രിയായും (2013–18), 2 തവണ ഉപമുഖ്യമന്ത്രിയായും (1996-99, 2004-05), പ്രതിപക്ഷ നേതാവായും (2009-13, 2019–23) കളം നിറഞ്ഞുകളിച്ച രാഷ്ട്രീയപരിചയം ഇക്കുറി മുതൽക്കൂട്ടായി. 

മടിച്ചില്ല, വിവാദ വാച്ച് സഭാ മ്യൂസിയത്തിൽ

2013ൽ മുഖ്യമന്ത്രിയായശേഷം നടത്തിയ പ്രസംഗത്തിൽ, കാലിമേച്ചുനടന്ന കാലത്തെക്കുറിച്ചുപറഞ്ഞ് അദ്ദേഹം വികാരഭരിതനായി. സദാ ധരിക്കുന്ന മുണ്ടും ജൂബ്ബയും തന്റെ ലാളിത്യത്തിന്റെ പ്രതീകമായി അദ്ദേഹം കാണുന്നു. മുഖ്യമന്ത്രിയായിരിക്കെ സമ്മാനമായി ലഭിച്ച 70 ലക്ഷം രൂപയുടെ ഹ്യൂബ്ലോ ആഡംബര വാച്ച് ജനതാദൾ (എസ്) നേതാവ് കുമാരസ്വാമി വാച്ച് വിവാദമാക്കിയപ്പോൾ, അതു നിയമസഭാ മ്യൂസിയത്തിനു കൈമാറാൻ സിദ്ധരാമയ്യ മടിച്ചില്ല. 

2010ൽ പ്രതിപക്ഷ നേതാവായിരിക്കെ ബെള്ളാരിയിലെ ഖനി രാജാക്കന്മാരായിരുന്ന റെഡ്ഡി സഹോദരന്മാർക്കെതിരെ നടത്തിയ ‘ബെള്ളാരി ചലോ’ പദയാത്രയാണ് അദ്ദേഹത്തെ കോൺഗ്രസിലെ ശക്തനാക്കിയത്. അനധികൃത ഖനനത്തിനും ഇരുമ്പയിരു കടത്തിനും എതിരെ സിദ്ധരാമയ്യ തുടക്കമിട്ട പോരാട്ടം ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ ഏറ്റെടുത്തു. ഹെഗ്ഡെയുടെ റിപ്പോർട്ടാണ് 2011ൽ യെഡിയൂരപ്പയുടെ മുഖ്യമന്ത്രിക്കസേര തെറിപ്പിച്ചത്. 

മുഖ്യമന്ത്രിയായിരിക്കെ സിദ്ധരാമയ്യ നടപ്പാക്കിയത് അന്നഭാഗ്യ (പാവങ്ങൾക്ക് അരി), അനിലഭാഗ്യ (സൗജന്യ ഗ്യാസ് കണക്‌ഷൻ), ഇന്ദിരാ കന്റീൻ (കുറഞ്ഞ നിരക്കിൽ ഭക്ഷണം) തുടങ്ങി ഒരുപിടി ജനപ്രിയ പദ്ധതികൾ. ധനമന്ത്രിയെന്ന നിലയിൽ 13 സംസ്ഥാന ബജറ്റുകൾ, 40 വർഷത്തിനിടെ കർണാടകയിൽ കാലാവധി പൂർത്തിയാക്കിയ ഒരേയൊരു മുഖ്യമന്ത്രി (2013–18) എന്നീ ബഹുമതികൾ പുറമേ. 

2013 ൽ ‘മറികടന്നത്’ ഖർഗെയെ

2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 122 സീറ്റ് വിജയം നേടിയപ്പോൾ മല്ലികാർജുൻ ഖർഗെയ്ക്കായി ഹൈക്കമാൻഡ് കരുതിവച്ചതാണു മുഖ്യമന്ത്രിക്കസേര. പക്ഷേ, കൃത്യമായ രാഷ്ട്രീയകരുനീക്കങ്ങൾക്കൊടുവിൽ അതു സിദ്ധരാമയ്യയ്ക്കു ലഭിച്ചു. കോൺഗ്രസിൽ 7 വർഷത്തെ പാരമ്പര്യമേ അന്നുണ്ടായിരുന്നുള്ളൂ. 

2006 ൽ കോൺഗ്രസിൽ എത്തും മുൻപ് ജനതാദളിലെ പ്രമുഖനായിരുന്നു. മൈസൂരു വരുണയിലെ സിദ്ധരാമനഹുണ്ഡിയിൽ ജനിച്ച സിദ്ധരാമയ്യ, ബിഎസ്‌സിയും എൽഎൽബിയും പൂർത്തിയാക്കിയ ശേഷമാണു രാഷ്ട്രീയത്തിലെത്തിയത്. 1983ൽ മൈസൂരു ചാമുണ്ഡേശ്വരിയിൽനിന്ന് നിയമസഭയിലേക്കു കന്നിയങ്കം ജയിക്കുമ്പോൾ ഭാരതീയ ലോക്ദൾ പ്രതിനിധി. 1984ൽ ജനതാപാർട്ടിയിലേക്ക്. 1988ൽ ജനതാദളിലും 1999ൽ ജനതാദൾ എസിലുമെത്തി. ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയുമായി പിണങ്ങി 2005ൽ സമാന്തര പാർട്ടിയുണ്ടാക്കി. പിന്നീടു കോൺഗ്രസിലേക്ക്. 

2018ൽ വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ പുറത്തു നിർത്താൻ കുമാരസ്വാമിക്കു മുഖ്യമന്ത്രിക്കസേര നീട്ടി ദളുമായി കോൺഗ്രസ് കൈകോർത്തപ്പോൾ സിദ്ധരാമയ്യയുടെ അതൃപ്തി പ്രകടമായിരുന്നു. ഒറ്റ വർഷം കൊണ്ടു സർക്കാരിനെ തകർത്ത് യെഡിയൂരപ്പ മുഖ്യമന്ത്രിയായപ്പോൾ പ്രതിപക്ഷ നേതാവായി. 

വരുണയിൽ നിന്നാണ് ഇക്കുറി 46,163 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഒൻപതാം തവണ നിയമസഭയിലെത്തിയത്. ഇനി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കില്ലെന്നു മുൻകൂട്ടി പ്രഖ്യാപിച്ചതും ഡി.കെ. ശിവകുമാറിനെ പിന്തള്ളി മുഖ്യമന്ത്രിക്കസേരയിലെത്താൻ വഴിയൊരുക്കി. വരുണയിൽനിന്ന് 2018ൽ ജയിച്ച ഇളയ മകൻ ഡോ.യതീന്ദ്ര, അന്തരിച്ച മൂത്തമകൻ രാകേഷിന്റെ മകൻ ധവാൻ രാകേഷ് എന്നിവരാണു രാഷ്ട്രീയപിന്മുറക്കാർ. ഭാര്യ പാർവതി. 

English Summary: Siddaramaiah gets second term as karnataka cm; victory of populism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com