‘ഞാൻ വഴങ്ങുന്നു’: ഖർഗെയെ പുലർച്ചെ ഉറക്കത്തിൽനിന്നു വിളിച്ചുണർത്തി ശിവകുമാർ പറഞ്ഞു
Mail This Article
ന്യൂഡൽഹി ∙ ഇന്നലെ പുലർച്ചെ ഒന്നിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ഉറക്കത്തിൽനിന്ന് എഴുന്നേൽപിച്ച് ഡി.കെ.ശിവകുമാർ അറിയിച്ചു – ‘പാർട്ടി തീരുമാനത്തിനു ഞാൻ വഴങ്ങുന്നു’. കർണാടക മുഖ്യമന്ത്രിപദം സംബന്ധിച്ചു 4 ദിവസത്തിലേറെ നീണ്ട പ്രതിസന്ധിക്ക് അതോടെ വിരാമം. കോൺഗ്രസ് ഹൈക്കമാൻഡ് ആഗ്രഹിച്ചതുപോലെ സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡി.കെ.ശിവകുമാർ ഏക ഉപമുഖ്യമന്ത്രി. ഇരുവർക്കുമൊപ്പം ഇരുപതിലധികം മന്ത്രിമാരും നാളെ 12.30നു ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യും. അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പുവരെ ശിവകുമാർ പിസിസി പ്രസിഡന്റായി തുടരും.
രാത്രി ബെംഗളൂരുവിലെ കർണാടക പിസിസി ആസ്ഥാനത്തുചേർന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുത്തു. ശിവകുമാറാണു പേരു നിർദേശിച്ചത്. യോഗം ഒന്നടങ്കം പിന്താങ്ങി. തുടർന്ന് സിദ്ധരാമയ്യയും ശിവകുമാറും ഒരുമിച്ചു രാജ്ഭവനിൽ ഗവർണർ താവർചന്ദ് ഗെലോട്ടിനെ സന്ദർശിച്ചു സർക്കാർ രൂപീകരണത്തിന് അനുമതി തേടി. സിദ്ധരാമയ്യയെ തീരുമാനിച്ചതായി ഇന്നലെ പുലർച്ചെ തന്നെ ശിവകുമാർ ഗവർണറെ രേഖാമൂലം അറിയിച്ചിരുന്നു.
മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാൻ സിദ്ധരാമയ്യയും ശിവകുമാറും ഇന്നു വീണ്ടും ഡൽഹിയിലെത്തും. ആഭ്യന്തരം, ജലസേചനം, ഊർജം ഉൾപ്പെടെ പ്രധാന വകുപ്പുകൾ ശിവകുമാർ ആവശ്യപ്പെട്ടേക്കും. ധനകാര്യം സിദ്ധരാമയ്യ കൈവശം വയ്ക്കുമെന്നാണു വിവരം.
സിദ്ധരാമയ്യയുടെ ജനപ്രീതിയും വിവിധ സമുദായങ്ങൾക്കിടയിലെ സ്വീകാര്യതയും കണക്കിലെടുക്കണമെന്ന ഹൈക്കമാൻഡിന്റെ നിലപാടിനു ശിവകുമാർ ഒടുവിൽ വഴങ്ങുകയായിരുന്നു. മുഖ്യമന്ത്രിപദത്തിൽ ഇരുവരും തമ്മിൽ വീതംവയ്പുണ്ടാകില്ലെന്നും കോൺഗ്രസ് അധികാരം പങ്കുവയ്ക്കുക ജനങ്ങളുമായിട്ടായിരിക്കുമെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. 5 വർഷവും സിദ്ധരാമയ്യ തുടരുമെന്നാണ് ഇതു നൽകുന്ന സൂചനയെങ്കിലും രണ്ടരവർഷത്തിനുശേഷം പദവി ലഭിക്കുമെന്നു ശിവകുമാർ പ്രതീക്ഷിക്കുന്നു.
കോൺഗ്രസ് ദേശീയ നേതൃത്വം ഉറക്കമിളച്ചിരുന്നു നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണു പരിഹാരവഴി തെളിഞ്ഞത്. സിദ്ധരാമയ്യയും ശിവകുമാറുമായി പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ പല ഘട്ടങ്ങളിലായി നടത്തിയ ചർച്ചകളാണു ഫലം കണ്ടത്.
സാമുദായികപരിഗണനയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതു പരിഗണിച്ചിരുന്നെങ്കിലും ശിവകുമാറിന്റെ പ്രാധാന്യം കണക്കിലെടുത്ത് അദ്ദേഹത്തിനു മാത്രമായി പദവി നൽകാൻ തീരുമാനിക്കുകയായിരുന്നു. ബിജെപിയിൽനിന്നെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ തിരഞ്ഞെടുപ്പിൽ തോറ്റതിനാൽ അദ്ദേഹത്തെ ഇപ്പോൾ മന്ത്രിയാക്കേണ്ടെന്നാണു ഹൈക്കമാൻഡിന്റെ നിലപാട്.
English Summary: DK Sivakumar yields to congress high command decision to make Siddaramaiah as karnataka chief minister