തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് കോടതി; ഇന്ത്യയ്ക്ക് നിർണായക നയതന്ത്രവിജയം
Mail This Article
ന്യൂയോർക്ക് ∙ 2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക്ക് വംശജനുമായ കനേഡിയൻ വ്യാപാരി തഹാവൂർ റാണയെ (62) ഇന്ത്യയ്ക്കു കൈമാറാൻ യുഎസ് കോടതി അനുമതി നൽകി. കലിഫോർണിയയിലെ ജില്ലാ കോടതി മജിസ്ട്രേട്ട് ജാക്വിലിൻ ചൂൽജിയാനാണ് ഉത്തരവിട്ടത്. ലൊസാഞ്ചലസ് ഡൗൺടൗണിലെ ഫെഡറൽ ലോക്കപ്പിൽ കഴിയുന്ന റാണയ്ക്ക് അപ്പീൽ നൽകാമെങ്കിലും മേൽക്കോടതികളും തീരുമാനം ശരിവയ്ക്കാനാണു സാധ്യത. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 22ന് യുഎസ് സന്ദർശിക്കാനിരിക്കെയാണിത്.
മുംബൈ ഭീകരാക്രമണക്കേസിൽ പ്രതിയായ യുഎസ് പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുടെ അടുത്ത കൂട്ടാളിയായ റാണയ്ക്കു ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ചാണ് റാണയെ കൈമാറാൻ യുഎസ് തീരുമാനിച്ചത്. റാണയെ അറസ്റ്റ് ചെയ്യണമെന്ന് 2020 ജൂൺ 10നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. റാണയെ ഇന്ത്യ നേരത്തേ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക്ക് ഭീകര സംഘടനയായ ലഷ്കറെ തയിബ ആസൂത്രണം ചെയ്തു നടപ്പാക്കിയ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണു കൊല്ലപ്പെട്ടത്.
English Summary: US court approves extradition of mumbai terrorist attacks accused Tahawwur Hussain Rana