ADVERTISEMENT

ന്യൂഡൽഹി ∙ 2000 രൂപ നോട്ടുകളുടെ വിതരണം റിസർവ് ബാങ്ക് അവസാനിപ്പിച്ചു. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. ഇങ്ങനെ നിക്ഷേപിക്കാവുന്ന തുകയ്ക്കു പരിധിയില്ല; പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. ഇതിനുള്ള സൗകര്യം ബാങ്കുകളിലും റിസർവ് ബാങ്കിന്റെ മേഖലാ ഓഫിസുകളിലും ഈമാസം 23 മുതൽ ലഭ്യമാവും. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം. നിക്ഷേപിക്കാനും മാറ്റിയെടുക്കാനും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും ബാങ്കുകളിൽ പ്രത്യേക സൗകര്യമുണ്ടാവും. 

നോട്ടുകൾ ഉടൻ അസാധുവാകില്ല

സെപ്റ്റംബർ 30നു ശേഷവും 2000 രൂപ നോട്ടുകൾ‍ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. ഈ സമയപരിധിക്കുശേഷവും നോട്ടുകൾ അസാധുവാകില്ല. ഇത് എത്ര കാലത്തേക്കെന്നു റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. 2000 രൂപ നോട്ടിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴത്തെ നടപടി. 

ആയുസ്സെത്തി, പഴകി

2016 നവംബർ എട്ടിനു മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018–19 ൽ അവസാനിപ്പിച്ചു. നോട്ടുകളിലേറെയും 2017 മാർച്ചിനു മുൻപ് അച്ചടിച്ചവയാണ്. അവയുടെ ആയുസ്സ് പൂർത്തിയായെന്നും വെടിപ്പുള്ള നോട്ടുകൾ സംബന്ധിച്ച നയപ്രകാരമാണു തീരുമാനമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. 

10% മാത്രം ഇടപാട്

കഴിഞ്ഞ മാർച്ചിലെ കണക്കനുസരിച്ച് വിപണിയിലുള്ള കറൻസി നോട്ടുകളിൽ 10.8% (3.62 ലക്ഷം കോടി മൂല്യം) മാത്രമാണ് 2000 രൂപയുടേത്. റിസർവ് ബാങ്ക് 2022 മേയിൽ പുറത്തുവിട്ട കണക്കനുസരിച്ച്, പിടിക്കപ്പെട്ട കള്ളനോട്ടുകളിൽ 2000 രൂപയുടേതിന്റെ എണ്ണം 2020–21 നെക്കാൾ 55% വർധിച്ചിരുന്നു.

English Summary: Reserve Bank of India to withdraw Rs 2000 notes from circulation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com