തങ്കലിപികളാൽ രേഖപ്പെടുത്തും: രാഷ്ട്രപതി
Mail This Article
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു സന്ദേശത്തിൽ പറഞ്ഞു. മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അഭിമാനകരവും രാജ്യത്തിന് അതീവ സന്തോഷം പകരുന്നതുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പാർലമെന്റ് മന്ദിരം രാജ്യത്തിന് ധ്രുവനക്ഷത്രം പോലെ വഴികാട്ടിയാകുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സന്ദേശത്തിൽ പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശാണ് ഇരു സന്ദേശങ്ങളും ഉദ്ഘാടനച്ചടങ്ങിൽ വായിച്ചത്.
ശ്രദ്ധ കവർന്ന് ‘ഫൂക്കോസ് പെൻഡുലം’
ഫൂക്കോസ് പെൻഡുലമാണ് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എത്തുമ്പോൾ കാണുന്ന മുഖ്യ ആകർഷണം. ഭൂമി കറങ്ങുന്നുവെന്നു തെളിയിക്കുന്നതാണ് ഫ്രഞ്ച് ശാസ്ത്രജ്ഞൻ ലിയോ ഫൂക്കോയുടെ പേരിലുള്ള ഫൂക്കോസ് പെൻഡുലം. മച്ചിൽനിന്നു തൂക്കിയിട്ട വലിയ പെൻഡുലം തിരശ്ചീന ദിശയിലാണ് ആടുന്നത്. പെൻഡുലം ദിശമാറുന്നില്ലെങ്കിലും ഭൂമിയുടെ ഭ്രമണം കാരണം അക്കങ്ങൾ മാറിവരും.
താരമായി യോഗി
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു സദസ്സിലെ താരം. യോഗിക്കൊപ്പം ഫോട്ടോയെടുക്കാൻ ബിജെപി എംപിമാരും അതിഥികളും തിരക്കുകൂട്ടി. എല്ലാവർക്കുമൊപ്പം പോസ് ചെയ്യാൻ യോഗിയും മടികാണിച്ചില്ല. എന്നാൽ, ബിഎസ്പി എംപി റിതേഷ് പാണ്ഡെ എത്തിയപ്പോൾ സംസാരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും യോഗി താൽപര്യം കാണിച്ചില്ല. പാർലമെന്റിൽ യുപി സർക്കാരിനെതിരെ പാണ്ഡെ രൂക്ഷവിമർശനം നടത്താറുണ്ട്.
ഫൈവ് സ്റ്റാർ പാർലമെന്റ്!
പുതിയ പാർലമെന്റ് മന്ദിരത്തിലെ ഇടനാഴികളും റിസപ്ഷനുമൊക്കെ പഞ്ചനക്ഷത്ര ഹോട്ടലുകളെ അനുസ്മരിപ്പിക്കുന്നതാണ്. തേക്കു കൊണ്ടുള്ള വാതിലുകൾ, കൊത്തുപണികളുള്ള ചുമരുകൾ, വിലകൂടിയ ലൈറ്റുകൾ, അലങ്കാരങ്ങൾ തുടങ്ങിയവ ആധുനികതയും പൗരാണികതയും സമന്വയിപ്പിക്കുന്ന പ്രതീതി നൽകുന്നു. ലോക്സഭ, രാജ്യസഭാ ചേംബറുകൾക്കു പുറത്ത് എംപിമാരുടെ ലൗഞ്ച് വൻകിട റസ്റ്ററന്റുകളെ അനുസ്മരിപ്പിക്കുന്നതാണ്.
English Summary : New parliament building inauguration may point out in history says president Draupadi Murmu