ADVERTISEMENT

ന്യൂഡൽഹി ∙ ഗുസ്തി താരങ്ങളുടെ സമരത്തിന്റെ അടുത്ത ഘട്ടത്തെപ്പറ്റി ചർച്ച ചെയ്യാൻ ഹരിയാനയിലെ കുരുക്ഷേത്രയിൽ ഇന്നു വീണ്ടും മഹാപഞ്ചായത്ത് ചേരും. കർഷകസംഘടനാ നേതാക്കളും മറ്റും ഇതിൽ ഭാഗമാകും. പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യവുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ ആലോചിക്കുന്നതായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. 

ഇന്നലെ യുപി മുസാഫർനഗറിൽ ഖാപ് മഹാപഞ്ചായത്ത് ചേർന്നുവെങ്കിലും അന്തിമതീരുമാനമെടുത്തില്ല. മുസാഫർനഗറിൽ നടന്ന മഹാപഞ്ചായത്തിൽ നൂറുകണക്കിനാളുകളാണു പങ്കുചേർന്നത്. ഹരിയാനയിൽ പലയിടങ്ങളിലും സമരരംഗത്തുള്ള താരങ്ങൾക്കു പിന്തുണയുമായി പ്രതിഷേധവും നടന്നു. പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. 

ലൈംഗികാതിക്രമകേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണു താരങ്ങൾ സമരം ചെയ്യുന്നത്.

അതേസമയം, സമരം ആരംഭിച്ച ഘട്ടം മുതൽ വനിതാ ഗുസ്തി താരങ്ങൾ അവരുടെ ആവശ്യങ്ങൾ മാറ്റുകയാണെന്നു ബ്രിജ് ഭൂഷൻ ആരോപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഡൽഹി പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം യുപിയിൽ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു.

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ബിജെപി വനിതാ എംപി

മുംബൈ ∙ ബിജെപി എംപി ബ്രിജ് ഭൂഷനെതിരെ സമരരംഗത്തുള്ള ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംപി പ്രീതം മുണ്ടെ രംഗത്തെത്തി. പരാതികൾ ഉടൻ പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പ്രീതം. വനിതകൾ ഏതു വിഷയത്തിൽ പരാതി ഉന്നയിച്ചാലും വിശദ അന്വേഷണം നടത്തണമെന്നു പറഞ്ഞ എംപി, ഗുസ്തി താരങ്ങൾ ഉന്നയിക്കുന്നതു ഗുരുതര ആരോപണമാണെന്നും ഗൗരവം നൽകണമെന്നും ആവശ്യപ്പെട്ടു.

സ്പോർട്സ് സ്ഥിരംസമിതി യോഗം ബഹിഷ്കരിച്ച് തൃണമൂൽ

ന്യൂഡൽഹി ∙ ഗുസ്തി താരങ്ങളുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്പോർട്സ് ഫെഡറേഷനുകളിൽ വനിതാ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ വനിതാ ശിശുക്ഷേമ, യുവജന സ്പോർട്സ് മന്ത്രാലയ സ്ഥിരംസമിതിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. വിഷയം അജൻഡയ്ക്കു പുറത്താണെന്നു സമിതി ചെയർമാനും ബിജെപി എംപിയുമായ വിവേക് ഠാക്കൂർ നിലപാട് സ്വീകരിച്ചപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. ടിഎംസി എംപിമാരായ സുഷ്മിത ദേവും അസിത് കുമാൽ മല്ലുമാണ് പ്രതിഷേധിച്ചത്. 

സ്പോർട്സ് ഫെഡറേഷനുകളുടെ നടത്തിപ്പിൽ സർക്കാരിന് ഇടപെടാനാവില്ലെന്നും രാജ്യാന്തര കായികസംഘടനകളുടെ നിയമങ്ങളുടെ ലംഘനമാവുമെന്നും സ്പോർട്സ് സെക്രട്ടറി സുജാത ചതുർവേദി യോഗത്തെ അറിയിച്ചു. അപ്പോഴാണ് ചെയർമാൻ ഈ വിഷയം യോഗത്തിന്റെ അജൻഡയ്ക്കു പുറത്താണെന്നു പറഞ്ഞത്. കോൺഗ്രസ് അംഗം അഖിലേഷ് സിങും തൃണമൂൽ അംഗങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇറങ്ങിപ്പോയില്ല.

English Summary: Mahapanchayath to decide on next phase of wrestlers Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com