ADVERTISEMENT

ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിനുകാരണം സിഗ്‌നലിങ് സംവിധാനത്തിലെ പിഴവെന്നു റെയിൽവേ ബോർഡ് അറിയിച്ചതിനു തൊട്ടുപിന്നാലെ, അട്ടിമറിസാധ്യത തള്ളാനാകില്ലെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചു. സിബിഐ അന്വേഷണത്തിനു റെയിൽവേ ബോർഡ് ശുപാർശ ചെയ്തു.

സിഗ്‌നലിങ് സംവിധാനത്തിലെ പിഴവെന്നാണു പ്രാഥമിക നിഗമനമെന്നും റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നുമാണ് റെയിൽവേ ബോർഡ് അംഗം ജയ വർമ വ്യക്തമാക്കിയത്. പച്ച സിഗ്നൽ കണ്ടിട്ടാണു ട്രെയി‍ൻ മുന്നോട്ടെടുത്തതെന്നു കൊറമാണ്ഡലിന്റെ ലോക്കോപൈലറ്റ് തന്നോടു പറഞ്ഞതായി ജയ വർമ അറിയിച്ചു. എന്നാൽ ഈ ട്രാക്കി‍ൽനിന്ന് ഉപട്രാക്കിലേക്കു തെറ്റായി ഇന്റർലോക്കിങ് സംവിധാനം സജ്ജീകരിക്കപ്പെട്ടു. ഒരു ട്രാക്കിൽനിന്നു മറ്റൊരു ട്രാക്കിലേക്കു ട്രെയിനിനു പ്രവേശിക്കാൻ ആ ട്രാക്കുകൾ തമ്മിൽ യോജിപ്പിക്കുന്നതാണ് ഇന്റർലോക്കിങ് സിസ്റ്റം.

ഇലക്ട്രോണിക് ഇന്റർലോക്കിങ് ആൻഡ് പോയിന്റ് മെഷീനിൽ ആരോ വരുത്തിയ മാറ്റമാണ് അപകടകാരണമെന്നു മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ക്രിമിനലുകളെ കണ്ടെത്തിയെന്നും അന്വേഷണറിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഷാലിമാർ–ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു യശ്വന്ത്പുര –ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളും ഒരു ചരക്കുവണ്ടിയും ഉൾപ്പെട്ട അപകടത്തിൽ മരണസംഖ്യ 275 ആണെന്ന് ഒഡീഷ സർക്കാർ വ്യക്തമാക്കി. 288 പേർ മരിച്ചെന്നാണു നേരത്തേ അറിയിച്ചിരുന്നത്. 1175 പേ‍ർക്കു പരുക്കേറ്റു. അപകടത്തിൽനിന്നു രക്ഷപ്പെട്ട 10 മലയാളികൾ ചെന്നൈ വഴി നാട്ടിലേക്കു മടങ്ങി. തൃശൂർ, കണ്ണൂർ, അടൂർ, കരുനാഗപ്പള്ളി സ്വദേശികളാണിവർ.

Content Highlights: Odisha Balasore Train Accident, Coromandel Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com