ADVERTISEMENT

ന്യൂഡൽഹി∙ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സമയത്ത് വെറും 35 പൈസ അധികമായി നൽകിയാൽ ട്രെയിൻ യാത്രയ്ക്കിടെയുള്ള അപകടങ്ങൾക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. എന്നാൽ വലിയൊരു പങ്ക് യാത്രക്കാരും ഇത് തിരഞ്ഞെടുക്കാറില്ല. ഓൺലൈൻ ടിക്കറ്റിനൊപ്പം ഇൻഷുറൻസ് നിർബന്ധമായും ഉൾപ്പെടുത്താ‍ൻ സർക്കാർ നടപടിയെടുക്കണമെന്നാണ് ഇൻഷുറൻസ് രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

നിലവിൽ ഇത് താൽപര്യമുണ്ടെങ്കിൽ മാത്രം യാത്രക്കാരന് തിരഞ്ഞെടുക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 2016ലാണ് ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നത്. ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ ഇരയാവരുടെ ഇൻഷുറൻസ് ക്ലെയിം സംബന്ധിച്ച നടപടികൾ അവരുടെ ബന്ധുക്കൾ അപേക്ഷിക്കാതെ തന്നെ കമ്പനികൾ സ്വമേധയാ ചെയ്യണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) ഇന്നലെ ഉത്തരവിട്ടിരുന്നു.

∙ ഇൻഷുറൻസ് തുക

അപകടത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിനും പൂർണമായി അംഗപരിമിതരാകുന്നവർക്കും 10 ലക്ഷം രൂപ ലഭിക്കും. ഭാഗികമായ അംഗപരിമിതിക്ക് 7.5 ലക്ഷം രൂപയാണ് ലഭിക്കുക. പരിക്കേറ്റവർക്ക് ആശുപത്രിച്ചെലവിന് 2 ലക്ഷം രൂപയും മരണപ്പെടുന്നവരുടെ മൃതദേഹം കൊണ്ടുപോകാൻ 10,000 രൂപയും ലഭിക്കും.

∙ എന്തിനൊക്കെ?

പാളം തെറ്റൽ, കൂട്ടിയിടി എന്നിവയ്ക്കു പുറമേ ഭീകരവാദ ആക്രമണം, മോഷണശ്രമത്തിനിടെയുള്ള ആക്രമണം, വെടിവയ്പ്പ്, തീവയ്പ്പ് എന്നിവയ്ക്കും ഇൻഷുറൻസ് കവറേജുണ്ട്. അബദ്ധത്തിൽ ട്രെയിനിൽ നിന്ന് താഴേക്ക് വീണാലും പരിരക്ഷയുണ്ടാകും. ലിബർട്ടി ജനറൽ ഇൻഷുറൻസ്, എസ്ബിഐ ജനറൽ ഇൻ‌ഷുറൻസ് എന്നിവയാണ് ഇൻഷുറൻസ് നൽകുന്നത്.

∙ എങ്ങനെ?

ഐർസിടിസി പോർട്ടൽ വഴി ബുക്ക് ചെയ്യുമ്പോൾ ഇൻഷുറൻസ് 'Travel Insurance' എന്നതിനു താഴെ Yes, and I accept തിരഞ്ഞെടുക്കുക. ഇതോടെ ഒരു പിഎൻആർ നമ്പറിലുള്ള എല്ലാവർക്കും ഇത് ബാധകമാകും. ഒരാൾക്ക് 35 പൈസയാണ് ഒറ്റതവണയുള്ള പ്രീമിയം. ടിക്കറ്റ് ചാർജിനൊപ്പം ഇതും ഈടാക്കും. തുടർന്ന് പോളിസി വിവരങ്ങൾ മെയിൽ, എസ്എംഎസ് ആയി ലഭിക്കും. അതിലുള്ള ലിങ്കിൽ പോയി നോമിനിയുടെ പേര് നൽകണം. നൽകിയില്ലെങ്കിൽ ക്ലെയിം വന്നാൽ നിയമപരമായ പിന്തുടർച്ചാവകാശിക്ക് തുക നൽകും. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സീറ്റ് ബുക്ക് ചെയ്തിട്ടില്ലെങ്കിൽ അവർക്ക് ഇൻഷുറൻസ് ലഭിക്കില്ല.

English Summary: Ten lakh insurance if spend 35 paise along with train ticket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com