ADVERTISEMENT

ന്യൂഡൽഹി ∙ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേരളമടക്കം സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വം അഴിച്ചുപണിതേക്കും. ഇതിനുള്ള ആലോചനകൾ ദേശീയ നേതൃത്വം തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും കേരളത്തിനു പുറമേ, ബിഹാർ, കർണാടക, ആന്ധ്ര, യുപി, ഹിമാചൽ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലുമാണ് അഴിച്ചുപണിക്കു സാധ്യത. രാജസ്ഥാനിൽ സംസ്ഥാന പ്രസിഡന്റിനെ അടുത്തിടെ മാറ്റിയിരുന്നെങ്കിലും പാർട്ടി സംവിധാനത്തിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. 

ഇതോടൊപ്പം കേന്ദ്രമന്ത്രിസഭയിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കാമെന്നും സൂചനയുണ്ട്. ചില മന്ത്രിമാരെ സംഘടനാ പദവികളിലേക്കു മാറ്റുമെന്നാണ് അഭ്യൂഹം. മധ്യപ്രദേശിൽ നിന്നുള്ള ഭക്ഷ്യ സംസ്കരണ മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ അവിടെ സംസ്ഥാന പ്രസിഡന്റാക്കിയേക്കും. നിലവിലെ പ്രസിഡന്റ് വി.ഡി.ശർമയും മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാനും തമ്മിലുള്ള ബന്ധം സുഖകരമല്ലാത്ത നിലയിലാണ്. അവിടെ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സംസ്ഥാനത്തേക്കു മടങ്ങാൻ താൽപര്യമുണ്ട്. 

മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡെ വിഭാഗവും മന്ത്രിസ്ഥാനത്തിനു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഷിൻഡെ കഴിഞ്ഞ ദിവസം അമിത്ഷായുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യമുന്നയിക്കുകയും ചെയ്തു. അതും പരിഗണിച്ചേക്കും. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിനു മുൻപോ മടങ്ങി വന്നാലുടനെയോ തീരുമാനമുണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. ഗ്രൂപ്പു തർക്കങ്ങൾ രൂക്ഷമായ കർണാടകയിൽ പുതിയ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നു. 

English Summary: BJP to reorganise state leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com