സവർക്കർക്കു പകരം ‘ബ്ലഡ് ഗ്രൂപ്പ്’; കർണാടകയിൽ പാഠപുസ്തകങ്ങളിൽ സുപ്രധാന മാറ്റങ്ങൾ
Mail This Article
ബെംഗളൂരു∙കർണാടകയിൽ മുൻ ബിജെപി സർക്കാർ പരിഷ്കരിച്ച 6–10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ 18 സുപ്രധാന മാറ്റങ്ങൾ വരുത്തി സിദ്ധരാമയ്യ സർക്കാർ ഉത്തരവിറക്കി. പത്താം ക്ലാസ് കന്നഡ പുസ്തകത്തിൽനിന്ന് ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ ജീവചരിത്രത്തിനു പകരം ശിവകോട്യാചാര്യ എഴുതിയ ‘സുകുമാര സ്വാമിയുടെ കഥ’ ഉൾപ്പെടുത്തി.
എട്ടാം ക്ലാസ് കന്നഡ പുസ്തകത്തിൽ നിന്നു കെ.ടി.ഗട്ടി എഴുതിയ വി.ഡി.സവർക്കറിന്റെ പാഠത്തിനുപകരം വിജയമാല രംഗനാഥ് എഴുതിയ ‘ബ്ലഡ് ഗ്രൂപ്പ് ’എന്ന പാഠമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേ പുസ്തകത്തിലെ ‘ഭൂ കൈലാസ’ എന്ന നാടകം മാറ്റിയാണ് ജവാഹർലാൽ നെഹ്റു ഇന്ദിരാ ഗാന്ധിക്കെഴുതിയ കത്തുകൾ ഉൾപ്പെടുത്തിയത്.
ആറാം ക്ലാസ് സാമൂഹികപാഠത്തിൽ വേദകാലത്തെ സംസ്കാരം, പുതിയ മതങ്ങളുടെ ഉദ്ഭവം തുടങ്ങിയവയാണ് കൂട്ടിച്ചേർത്തത്. എട്ടാം ക്ലാസ് സാമൂഹിക പാഠത്തിലെ നാട്ടുരാജ്യങ്ങളെ കുറിച്ചുള്ള പാഠങ്ങളിൽ വൊഡയാർ രാജാക്കന്മാർ, സർ എം.വിശ്വേശ്വരായ, സർ മിർസ ഇസ്മായിൽ എന്നിവരുടെ സംഭാവനകൾ ഉൾപ്പെടുത്തി. വനിതാ സ്വാതന്ത്ര്യസമര സേനാനികളെയും സാമൂഹിക രംഗത്തെ നവോത്ഥാന നായികമാരെ കുറിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. പത്താം ക്ലാസ് സാമൂഹികപാഠത്തിൽ പ്രാദേശികതയും ഭാഷാഭിമാനവും എന്ന പാഠത്തിലും മാറ്റം വരുത്തി.
പുതുതായി ഉൾപ്പെടുത്തുന്ന പാഠങ്ങൾ ലഘുപുസ്തകങ്ങളായി അച്ചടിച്ച് സ്കൂളുകൾക്ക് കൈമാറും. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
2013–18ലെ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വിദഗ്ധനായ ബരഗൂർ രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള സമിതി പരിഷ്കരിച്ച പാഠ്യപദ്ധതി 2019ൽ അധികാരത്തിലേറിയ ബിജെപി സർക്കാർ രോഹിത് ചക്രതീർഥ സമിതിയെ നിയോഗിച്ച് മാറ്റിയിരുന്നു. ബരഗൂർ സമിതി നിശ്ചയിച്ച പാഠങ്ങളാണ് പുതിയ സർക്കാർ തിരിച്ചുകൊണ്ടുവന്നത്. മാറ്റങ്ങൾക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.
English Summary: 18 major changes carried out in Karnataka school textbooks