ADVERTISEMENT

ന്യൂഡൽഹി ∙ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടു സമരരംഗത്തുള്ള ഗുസ്തി താരങ്ങളും ഖാപ് നേതാക്കളും തമ്മിൽ തർക്കം. സമരരംഗത്തു സജീവമായുള്ള ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക്കിന്റെ ശനിയാഴ്ചത്തെ വിഡിയോയിലെ പരാമർശവുമായി ബന്ധപ്പെട്ടാണു തർക്കമുയർന്നത്. 

മേയ് 28നു പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ വനിതകളുടെ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചതു ഖാപ് നേതാക്കൾ ചേർന്നാണെന്നും തങ്ങൾക്ക് അതിൽ പങ്കില്ലെന്നും സാക്ഷി മാലിക്ക് ശനിയാഴ്ച വിഡിയോയിൽ പറ‍ഞ്ഞിരുന്നു. പാർലമെന്റിലേക്കു മാർച്ച് ചെയ്ത ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ചുനീക്കിയത്. 

എന്നാൽ പാർലമെന്റ് മാർച്ച് തീരുമാനം ഗുസ്തി താരങ്ങളുടേതായിരുന്നുവെന്നും തങ്ങൾ അതിനെ പിന്തുണയ്ക്കുക മാത്രമാണുണ്ടായതെന്നും മഹാം ചൗബിസി ഖാപ് ജനറൽ സെക്രട്ടറി രാംപാൽ രാത്തി പറഞ്ഞു. 

പീഡനപരാതികളിൽ ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ കോടതിയിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണു സമരക്കാർക്കിടയിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. 

ബിജെപി നേതാവും കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ ബബിത ഫോഗട്ട് ഗുസ്തി സമരം ദുർബലപ്പെടുത്താൻ ശ്രമിച്ചെന്ന സാക്ഷി മാലിക്കിന്റെ ആരോപണവും വാക്പോരിന് ഇടയാക്കിയിരുന്നു. കോൺഗ്രസിന്റെ കയ്യിലെ കളിപ്പാവയാണ് സാക്ഷിയെന്നു ബബിതയും ആരോപിച്ചു. 

‘വിഷയത്തിൽ പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രി അമിത് ഷായെയോ സമീപിക്കണമെന്നു താൻ ആദ്യം മുതൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു താരങ്ങൾ ചെവിക്കൊണ്ടില്ല. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ദീപേന്ദർ ഹൂഡ എന്നിവരുടെ സഹായം താരങ്ങൾ തേടി. പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ദിനത്തിൽ പ്രതിഷേധിക്കുക, മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നു ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവൃത്തികളിലൂടെ താരങ്ങൾ രാജ്യത്തിന്റെ പ്രതിഛായയ്ക്കു കളങ്കമുണ്ടാക്കി’–സമരരംഗത്തു സജീവമായുള്ള വിനേഷ് ഫോഗട്ടിന്റെ അടുത്ത ബന്ധുകൂടിയായ ബബിത പറഞ്ഞു. 

English Summary : Dispute between wrestlers and Khap leaders in wrestling strick

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com