‘യുക്രെയ്ൻ–റഷ്യ യുദ്ധത്തിൽ ഇന്ത്യ സമാധാനത്തിനൊപ്പം’: യുഎസ് ദിനപത്രത്തിൽ മോദിയുടെ അഭിമുഖം
Mail This Article
ന്യൂഡൽഹി∙ രാജ്യത്തിന്റെ പരമാധികാരവും യശസ്സും ഉയർത്തിപ്പിടിക്കാൻ ഇന്ത്യ പൂർണസജ്ജമാണെന്നും ഉഭയകക്ഷിബന്ധം നന്നാകാൻ അതിർത്തിയിലെ സമാധാനം അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസ് സന്ദർശനത്തിന്റെ ഭാഗമായി ‘ദ് വോൾസ്ട്രീറ്റ് ജേണൽ’ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണു ചൈനീസ് കടന്നുകയറ്റം സൂചിപ്പിച്ച് മോദി ഇന്ത്യയുടെ നിലപാടു വ്യക്തമാക്കിയത്.
യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷമല്ല; സമാധാനത്തിന്റെ ഭാഗത്താണ്. രാജ്യാന്തര നിയമങ്ങളും പരമാധികാരവും എല്ലാ രാജ്യങ്ങളും ബഹുമാനിക്കണം. തർക്കങ്ങൾ പരിഹരിക്കേണ്ടത് യുദ്ധം ചെയ്തല്ല, നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയുമാണ്. റഷ്യ–യുക്രെയ്ൻ സംഘർഷം തീർക്കാൻ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുന്നുണ്ട്. ഇന്ത്യ–യു എസ് ബന്ധം ഇതുവരെയുള്ളതിൽ വച്ചേറ്റവും ശക്തമായ നിലയിലാണ്. ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ മുൻപുള്ളതിനെക്കാൾ ഉറച്ച പരസ്പരവിശ്വാസമുണ്ട്.
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ പ്രധാനമന്ത്രിയാണു ഞാൻ. എന്റെ രാജ്യത്തിന്റെ രീതികളിലും പൈതൃകത്തിലും നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഞാൻ കാര്യങ്ങൾ പറയുന്നതും ചെയ്യുന്നതും–മോദി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന (യുഎൻ) പോലുള്ള ആഗോള സംഘടനകളുടെ രീതി മാറണം. ആഗോളതലത്തിൽ കൂടുതൽ ഉന്നതമായ പദവി ഇന്ത്യ അർഹിക്കുന്നു. അതിലെ സമിതികളിൽ ആഫ്രിക്കയ്ക്ക് അർഹമായ പ്രാതിനിധ്യമുണ്ടോ? രാജ്യാന്തര സമാധാനദൗത്യങ്ങളിൽ സേനയെ അയയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകണമോ എന്നു ലോകത്തോടു ചോദിക്കൂ – മോദി പറഞ്ഞു.
അഭിമുഖം ആദ്യം
പ്രധാനമന്ത്രിയായശേഷം ഏതെങ്കിലും വിദേശ മാധ്യമത്തിനു മോദി നൽകുന്ന ആദ്യഅഭിമുഖമാണിത്. വിദേശരാജ്യം സന്ദർശിക്കുമ്പോൾ അവിടെ മാധ്യമഅഭിമുഖം നൽകുന്ന രീതി മുൻപ്രധാനമന്ത്രിമാർ പിന്തുടർന്നിരുന്നെങ്കിലും മോദി അതു ചെയ്തിരുന്നില്ല. 2014ൽ പ്രധാനമന്ത്രിയായ ശേഷം യുഎസിലേക്കു നടത്തിയ ആദ്യസന്ദർശനത്തിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി ചേർന്ന് വാഷിങ്ടൻ പോസ്റ്റ് ദിനപത്രത്തിൽ മോദി ലേഖനം എഴുതിയിരുന്നു.
യുഎൻ ഭീകരതാവിരുദ്ധവാരം: നടുക്കുന്ന ഓർമകളുമായി കരംബീർ
ന്യൂയോർക്ക് ∙ യുഎൻ തിങ്കളാഴ്ച തുടക്കമിട്ട ഭീകരതാവിരുദ്ധ വാരാചരണം തുടങ്ങിയത് 2008 മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ചാണ്. യുഎൻ ആസ്ഥാനവളപ്പിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു സമീപം ഭീകരതാവിരുദ്ധ ഐക്യദാർഢ്യ പ്രതീകമായി മരം നട്ടതിന്റെ ഔദ്യോഗിക സമർപ്പണവും നടന്നു.
ചടങ്ങിൽ യുഎൻ ക്ഷണിതാവായി എത്തിയ കരംബീർ കാങ് മുംബൈ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങാത്ത ഓർമകൾ പങ്കുവച്ചു. താജ് മഹൽ ഹോട്ടലിന്റെ ജനറൽ മാനേജരായിരുന്ന കരംബീറിന്റെ ഭാര്യയും രണ്ടു മക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
English Summary: Narendra Modi gives interview in US newspaper