തിരഞ്ഞെടുപ്പ് ട്രാക്കിലും കുതിക്കാൻ ‘വന്ദേഭാരത്’; പ്രചാരണായുധമാക്കാൻ ബിജെപി
Mail This Article
ന്യൂഡൽഹി ∙ വന്ദേഭാരത് ട്രെയിനുകൾക്കു വീണ്ടും വമ്പൻ പ്രചാരണം നൽകാൻ റെയിൽവേ ഡിവിഷനൽ ഓഫിസുകൾക്കു കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ നിർദേശം. ബാലസോർ അപകടം സൃഷ്ടിച്ച ദുഷ്പേര് നീക്കാനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വന്ദേഭാരതിനെ പ്രധാന വികസന നേട്ടമായി അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണിത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്കു പാചക വാതക സിലിണ്ടർ നൽകുന്ന ഉജ്വല പദ്ധതി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണായുധമാക്കിയിരുന്നു. ഈ രീതിയിൽ വന്ദേഭാരതിനെ ഉപയോഗിക്കുകയാണു ലക്ഷ്യം.
വന്ദേഭാരത് ട്രെയിനുകൾക്കു പ്രചാരണം നൽകാൻ ദൂരദർശനിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കാനും നിർദേശമുണ്ട്. കഴിഞ്ഞദിവസം ഡിവിഷനൽ ഓഫിസുകളിലെ ഉന്നതാധികാരികളെ പങ്കെടുപ്പിച്ചു നടത്തിയ വിഡിയോ കോൺഫറൻസ് യോഗത്തിൽ ഇതു സംബന്ധിച്ച നിർദേശമെത്തി.
വന്ദേഭാരത് ട്രെയിനുകളെ മുൻനിർത്തിയുള്ള പ്രചാരണം റെയിൽവേ ആരംഭിച്ചിരുന്നു. എന്നാൽ, അതിനു ശേഷമായിരുന്നു ബാലസോർ ട്രെയിൻ ദുരന്തം. 292 പേർ മരിച്ച ദുരന്തം റെയിൽവേയുടെ വീഴ്ചയാണെന്നു വന്നതോടെ വന്ദേഭാരത് പ്രചാരണം നിർത്തിവച്ചു. ഇതു പുനരാരംഭിക്കാനാണ് നിർദേശം.
ഇന്നലെ 5 വന്ദേഭാരത് ട്രെയിനുകൾ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതോടെ ആകെ വന്ദേഭാരതുകളുടെ എണ്ണം 23 ആയി. അതേസമയം, പ്രചാരണത്തിനു സർക്കാർ വൻതോതിൽ പണം ചെലവിടുന്നതിനെതിരെ വിമർശനമുണ്ട്. കഴിഞ്ഞ ഏപ്രിലിൽ വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ പേരിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിക്കു മാത്രം 1.48 കോടി രൂപ നൽകിയെന്നാണ് ഇതുസംബന്ധിച്ച വിവരാവകാശ രേഖയിലുള്ളത്.
English Summary: BJP planning to project Vande Bharat Express for loksabha election 2024 campaign