ADVERTISEMENT

ന്യൂഡൽഹി ∙ മസ്കുലർ ഡിസ്ട്രോഫി, ഹീമോഫീലിയ പോലെയുള്ള ജനിതക രോഗങ്ങൾക്കുള്ള ജീൻ തെറപ്പി മരുന്നുകൾ വൻവിലകൊടുത്ത് വിദേശത്തു നിന്ന് ഇനി വാങ്ങേണ്ടി വരില്ല. 

ഈ മരുന്നുകൾ തദ്ദേശീയമായി നിർമിക്കാൻ ഐഐടി കാൻപുർ പ്രമുഖ മരുന്ന് കമ്പനിയായ ലോറസ് ലാബ്സുമായി കരാറിൽ ഒപ്പുവച്ചു. ‘മെയ്ഡ് ഇൻ ഇന്ത്യ’ മരുന്നായതിനാൽ വില കാര്യമായി കുറയുമെന്നാണു പ്രതീക്ഷ. 2 വർഷത്തിനുള്ളിൽ മരുന്ന് വിപണിയിലെത്തിക്കാൻ കഴിയുമെന്ന് ഐഐടി ഡയറക്ടർ ഡോ.അഭയ് കരന്ദിക്കർ മനോരമയോടു പറഞ്ഞു. 

സാധാരണക്കാർക്കു താങ്ങാനാവുന്ന വിലയിൽ മരുന്നു ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ കോടിക്കണക്കിനു രൂപ മുടക്കിയാണ് ഇത്തരം പല രോഗങ്ങളുടെയും മരുന്ന് വിദേശത്തു നിന്നെത്തിക്കുന്നത്. ഐഐടി വികസിപ്പിച്ച ജീൻ തെറപ്പി സാങ്കേതികവിദ്യ ലോറസിനു കൈമാറി. ഐഐടി ക്യാംപസിലെ ടെക്നോപാർക്കിൽ നിർമാണ യൂണിറ്റ് തുടങ്ങാനായി 30,000 ചതുരശ്രയടി സ്ഥലം അനുവദിച്ചു. ക്ലിനിക്കൽ ട്രയൽ വൈകാതെ തുടങ്ങും. 

ബയോളജിക്കൽ സയൻസസ് ആൻഡ് ബയോ എൻജിനീയറിങ് വിഭാഗം പ്രഫ. ജയൻധരൻ ജി.റാവുവിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. 51 അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതിനായി കസ്റ്റംസ് തീരുവ കേന്ദ്രം മാർച്ചിൽ ഒഴിവാക്കിയിരുന്നു. ഒറ്റത്തവണ ചികിത്സയിലൂടെ ജീനുകളിൽ മാറ്റം വരുത്തി രോഗം ഭേദമാക്കുന്ന രീതിയാണു ജീൻ തെറപ്പി. 

ശരീരത്തിൽ മുറിവുകളുണ്ടായാൽ രക്‌തം കട്ടപിടിക്കാതിരിക്കുകയും രക്‌തസ്രാവം മണിക്കൂറുകളോളം നീണ്ടു നിൽക്കുകയും ചെയ്യുന്ന അവസ്‌ഥയാണ് ഹീമോഫീലിയ. ശരീരത്തിലെ പേശികൾ ദുർബലമാകുന്ന അവസ്ഥയാണ് മസ്കുലർ ഡിസ്ട്രോഫി. കണ്ണുകളെ ബാധിക്കുന്ന റെറ്റിനൽ ഡീജെനറേറ്റീവ് രോഗത്തിനുള്ള ജീൻ തെറപ്പി വിദ്യയും ഐഐടി കാൻപുർ വികസിപ്പിച്ചിട്ടുണ്ടെന്ന് ഐഐടി പ്രഫസർ അമിതാഭ ബന്ദോപാധ്യായ പറഞ്ഞു. 

കൃത്രിമ ഹൃദയം: മൃഗങ്ങളിലെ പരീക്ഷണം ഉടൻ 

ഐഐടി കാൻപുർ വികസിപ്പിച്ച കൃത്രിമ ഹൃദയത്തിന്റെ പരീക്ഷണം മൃഗങ്ങളിൽ ഉടൻ നടത്തുമെന്ന് ഐഐടി ഗങ്‍വാൾ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ടെക്നോളജിയിലെ പ്രഫ.സന്ദീപ് വെർമ പറഞ്ഞു. ഹൃദ്രോഗം ഗുരുതരമായവർക്കുള്ള (എൻഡ് സ്റ്റേജ്) ലെഫ്റ്റ് വെൻട്രിക്കുലർ അസിസ്റ്റ് ഡിവൈസ് (എൽവിഎഡി) നിലവിൽ ലഭ്യമാണെങ്കിലും ഒരു കോടി രൂപയോളമാണ് വില. കുറഞ്ഞ വിലയ്ക്ക് ഇത് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. 

English Summary : Gene therapy drugs will be manufactured in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com