പ്രതിപക്ഷത്തിന് തർക്കിക്കാൻ വിഷയം, വോട്ട് ബിജെപിക്ക്?; മോദി സന്ദർഭവശാൽ പറഞ്ഞതല്ല
Mail This Article
ന്യൂഡൽഹി ∙ പാർട്ടി പ്രവർത്തകയുടെ ചോദ്യത്തിനു മറുപടിയെന്നോണമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏക സിവിൽ കോഡിനെക്കുറിച്ചു (യൂണിഫോം സിവിൽ കോഡ് – യുസിസി) പറഞ്ഞത്. അങ്ങനെ സന്ദർഭവശാലുണ്ടായ പരാമർശം മാത്രമായി പ്രധാനമന്ത്രിയുടെ വാക്കുകളെ വ്യാഖ്യാനിക്കാമോയെന്നതാണ് ഇപ്പോഴുള്ള ചോദ്യം.
യുസിസിയെക്കുറിച്ച് അഭിപ്രായം ശേഖരിക്കുന്ന ലോ കമ്മിഷന്റെ റിപ്പോർട്ട് വരുന്നതിനു മുൻപു തന്നെ സർക്കാരിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. കമ്മിഷനോട് അഭിപ്രായം പറയുന്നവരിൽ ഭൂരിപക്ഷവും യുസിസിയെ എതിർത്താലും സർക്കാരിന്റെ നിലപാടു മാറാൻ സാധ്യതയില്ല. കാരണം, അത് ബിജെപിയുടെ നിലപാടാണ്.
നിലവിലേതിനു മുൻപുള്ള കമ്മിഷൻ പറഞ്ഞത് യുസിസി ഇപ്പോൾ ആവശ്യമില്ലെന്നും വിവിധ വ്യക്തി നിയമങ്ങളിലെ വിവേചന സ്വഭാവമുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്യുകയാണ് വേണ്ടതെന്നുമാണ്.
ഒന്നര വർഷത്തിലേറെ സമയമെടുത്ത് 75,378 പേരുടെ അഭിപ്രായം കേട്ടിട്ടാണ് ഈ നിലപാടുള്ള ചർച്ചാ രേഖ 2018 ൽ കമ്മിഷൻ പുറത്തുവിട്ടത്. അവരുടെ നിലപാട് സർക്കാരിനു സ്വീകാര്യമായില്ലെന്നു വ്യക്തം. അതു മനസ്സിലാക്കിയാണ് വീണ്ടും ജനാഭിപ്രായം ശേഖരിക്കാൻ പുതിയ കമ്മിഷൻ തീരുമാനിച്ചത്. 14 ദിവസംകൊണ്ട് അവർക്ക് 8.5 ലക്ഷം പേരുടെ അഭിപ്രായങ്ങൾ ലഭിച്ചു കഴിഞ്ഞു.
ന്യൂനപക്ഷ സമുദായങ്ങളെ ഉന്നംവച്ചാണ് യുസിസിക്കായി ബിജെപി താൽപര്യപ്പെടുന്നതെന്ന വ്യാഖ്യാനം പുതിയതല്ല. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജാർഖണ്ഡിലും മറ്റും ഗോത്രവർഗങ്ങൾക്കിടയിൽ യുസിസിക്കെതിരെ ശക്തമായ എതിർപ്പുണ്ട്. പിന്തുടർച്ചാവകാശം ഉൾപ്പെടെ പല കാര്യങ്ങളിലുമുള്ള വ്യത്യാസങ്ങളും സാംസ്കാരിക തനിമയും ഇല്ലാതാക്കുന്നതാണ് യുസിസിയെന്ന ആശങ്കയാണ് ഇവർക്കുള്ളത്.
അപ്പോൾ, ഈ വർഷം തിരഞ്ഞെടുപ്പുള്ള മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മിസോറം എന്നീ സംസ്ഥാനങ്ങളിൽ ഗോത്രവർഗങ്ങളുടെ വോട്ട് നഷ്ടപ്പെടുത്താൻ ബിജെപി തയ്യാറാകുമോയെന്ന ചോദ്യമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുക്കുമ്പോൾ, മോദിയുടെ പരാമർശം അസമയത്തായിപ്പോയെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. എന്നാൽ, ഗോത്രവർഗങ്ങളെ ഒഴിവാക്കിയുള്ള യുസിസിയാണ് ഉദ്ദേശിക്കുന്നതെങ്കിലോയെന്നു ചോദിക്കുന്നവരുമുണ്ട്. അങ്ങനെയൊന്നിന് വോട്ടുകൾ ഏകോപിപ്പിക്കാൻ ബിജെപിയെ ഏറെ സഹായിക്കാനാവും.
പ്രതിപക്ഷ കൂട്ടായ്മയിൽ ഇപ്പോൾതന്നെ കോൺഗ്രസുമായി ഉടക്കിനിൽക്കുകയാണ് ആം ആദ്മി പാർട്ടി. യുസിസിയെ അനുകൂലിക്കുന്നവരാണ് ആം ആദ്മികൾ.
പട്നയിലെ പ്രതിപക്ഷ കൂട്ടായ്മയ്ക്കു നേതൃത്വം നൽകിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ യുസിസിയെ എതിർക്കാൻ താൽപര്യപ്പെട്ടിട്ടില്ല. അങ്ങനെ നോക്കുമ്പോൾ, പ്രതിപക്ഷത്തിന് തമ്മിൽ തർക്കിക്കാൻ ഒരു വിഷയം നൽകാൻ മോദിക്കു സാധിച്ചു.
English Summary: Concerns over Uniform Civil Code