ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്ത് ഏക സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ്– യുസിസി) നടപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നൽകിയതോടെ കടുത്ത വിയോജിപ്പുമായി മുസ്‍ലിം വ്യക്തി നിയമ ബോർഡ് രംഗത്തെത്തി. നീക്കത്തെ ശക്തിയായി എതിർക്കുമെന്നും നിലപാട് ജൂലൈ ആദ്യവാരം ലോ കമ്മിഷൻ ഓഫ് ഇന്ത്യയെ അറിയിക്കുമെന്നും ബോർഡ് വ്യക്തമാക്കി.

വർഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ രാഷ്ട്രീയപ്രേരിത നീക്കമാണിതെന്നു കോൺഗ്രസും മുസ്‍ലിം ലീഗും ഉൾപ്പെടെ മിക്ക പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു. ഇതോടെ, ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഗതിനിർണയിക്കുന്ന വിഷയമായി യുസിസി മാറുമെന്നുറപ്പായി. പുതിയ മന്ദിരത്തിൽ അടുത്തമാസം തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാലസമ്മേളനവും ഇതേച്ചൊല്ലി പ്രക്ഷുബ്ധമായേക്കും.

ഇതിനിടെ, സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ സംസ്ഥാനത്ത് യുസിസി നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഇതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന ദേശായ് അധ്യക്ഷയായ സമിതിയെയാണ് ഉത്തരാഖണ്ഡ് നിയോഗിച്ചിട്ടുള്ളത്. ഗുജറാത്തും മധ്യപ്രദേശും സ്വമേധയാ ഇതിനായി നീക്കം നടത്തുന്നുണ്ട്. ഈ നീക്കത്തെ അനുകൂലിക്കുന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിൻവലിക്കൽ, അയോധ്യയിൽ രാമക്ഷേത്രം, യുസിസി എന്നിവയാണ് ബിജെപിയുടെ ദേശീയ അജൻഡയിലെ വിവാദ വിഷയങ്ങളായി കണക്കാക്കുന്നത്. ഇതിൽ, നടപ്പാക്കാൻ അവശേഷിക്കുന്നത് യുസിസിയാണ്. ഇതിനുള്ള നീക്കം കേന്ദ്രം സജീവമാക്കിയതിനു പിന്നാലെ 14നു ലോ കമ്മിഷൻ പൊതുജനാഭിപ്രായം തേടിയിരുന്നു. അഭിപ്രായം അറിയിക്കാൻ ജൂലൈ 14 വരെയാണു സമയം. 

യുസിസിയെ എതിർത്തും അനുകൂലിച്ചും ഇന്നലെ വരെ 8.5 ലക്ഷം പ്രതികരണങ്ങൾ കമ്മിഷനു ലഭിച്ചതായി ജസ്റ്റിസ് റിതു രാജ് അവസ്തി പറഞ്ഞു.

ഭോപാലിൽ ബിജെപി പ്രവർത്തകരുടെ റാലിയിലാണു 2 നിയമങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ നയിക്കുന്നത് എങ്ങനെയെന്നും യുസിസി നടപ്പാക്കണമെന്നു സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞത്. 

 

അനുകൂലിച്ച് ആം ആദ്മി

യുസിസിയെ രാഷ്ട്രീയമായി ഉപയോഗിച്ചു സമൂഹത്തിൽ വർഗീയ വിഭ്രാന്തി സൃഷ്ടിക്കാനുള്ള നീക്കമാണു ബിജെപി നടത്തുന്നതെന്ന വാദമാണു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷത്തിനുള്ളത്. എന്നാൽ, യുസിസി നീക്കത്തിന് ആം ആദ്മി പാർട്ടി തത്വത്തിൽ അംഗീകാരം നൽകി. ഏക സിവിൽ നിയമം രൂപപ്പെടുത്താൻ ഭരണകൂടം ശ്രമിക്കേണ്ടതാണെന്ന ഭരണഘടനയുടെ 44-ാം വകുപ്പു ചൂണ്ടിക്കാട്ടിയാണ് പിന്തുണ. അതേസമയം, വിഷയത്തിൽ ചർച്ചകളിലൂടെ രാഷ്ട്രീയ, രാഷ്ട്രീയേതര കക്ഷികളുടെ പൊതുസമ്മതം നേടിയെടുക്കണമെന്നും ആം ആദ്മി വാദിക്കുന്നു.

ഏക സിവിൽ കോഡ് 

പിന്തുടർച്ചാവകാശം, വിവാഹം, വിവാഹമോചനം, കുഞ്ഞുങ്ങളുടെ അവകാശം ആർക്ക് തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയിൽ വിവിധ മതവിഭാഗങ്ങൾക്കു നിലവിൽ വ്യത്യസ്ത വ്യക്തി നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ഇതിനെല്ലാം പകരം രാജ്യത്തെ എല്ലാ പൗരർക്കും ഒറ്റ നിയമം എന്നതാണ് ഏക സിവിൽ കോഡ്  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

‘തൊഴിലില്ലായ്മ, മണിപ്പുർ കലാപം തുടങ്ങിയ വിഷയങ്ങളിൽ നിന്നു ശ്രദ്ധ വഴിതിരിച്ചുവിടാനാണു മോദി ഇത്തരം പരാമർശങ്ങൾ നടത്തുന്നത്.’

കോൺഗ്രസ്.

 

‘നിയമത്തിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല. പൗരർക്കിടയിൽ വിവേചനവും വൈരുധ്യവും പാടില്ല. എല്ലാവർക്കും നീതിക്കുള്ള അവകാശം ഉറപ്പാക്കണം.’

ബിജെപി.

 

‘യുസിസി നടപ്പാക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും ഭരണഘടനാപരമായും നേരിടും. നാളെ ചേരുന്ന പാർട്ടി അഖിലേന്ത്യ നിർവാഹക സമിതിയോഗം വിഷയം ചർച്ച ചെയ്യും.’

 

മുസ്‌ലിം ലീഗ്.

English Summary: Protest against Uniform Civil Code