ബാലസോർ ദുരന്തം: തിരിച്ചറിയാതെ 81 മൃതദേഹങ്ങൾ
Mail This Article
ഭുവനേശ്വർ ∙ ഒഡീഷയിൽ ബാലസോറിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ ഈ മാസം 2 ന് ഉണ്ടായ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട 81 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞില്ല. ഭുവനേശ്വർ എയിംസിൽ 3 കണ്ടെയ്നറുകളിലായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
മരിച്ചവരിൽ ഉറ്റവരുണ്ടെന്നു സംശയിക്കുന്ന 84 കുടുംബങ്ങളിൽ നിന്നുള്ളവർ ഡിഎൻഎ പരിശോധനയ്ക്ക് സാംപിൾ നൽകിയിട്ടുണ്ട്. 35 പേർ പരിശോധനാഫലം കാത്ത് ഗെസ്റ്റ് ഹൗസിൽ തങ്ങുകയാണ്. കാത്തിരുന്നു മടുത്ത 15 പേർ വീടുകളിലേക്കു മടങ്ങി. പരിശോധനാഫലം അകാരണമായി വൈകിക്കുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് റെയിൽവേ അധികൃതർ പറയുന്നു.അപകടത്തിൽ 292 പേരാണു മരിച്ചത്.
റെയിൽവേയിൽ 2.74 ലക്ഷം ഒഴിവുകൾ
ന്യൂഡൽഹി ∙ റെയിൽവേയിൽ 2.74 ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ 1.77 ലക്ഷം ഒഴിവുകളും സുരക്ഷാ വിഭാഗത്തിലാണെന്നു മധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ വിവരാവകാശനിയമപ്രകാരം നൽകിയ ചോദ്യത്തിനു മറുപടിയായി റെയിൽവേ അറിയിച്ചു.
ഈ മാസം വരെയുള്ള കണക്കനുസരിച്ച് ഗ്രൂപ്പ് സി, ലവൽ 1 വിഭാഗങ്ങളിലായി ആകെ 2,74,580 നോൺ ഗസറ്റഡ് ഒഴിവുകളാണു നികത്തപ്പെടാതെ കിടക്കുന്നത്. സുരക്ഷാ വിഭാഗത്തിൽ മാത്രം 1,77,924 ഒഴിവുകളുണ്ട്.
English Summary : Eighty one Unidentified Bodies in Balasore Disaster