കൊടും ക്രിമിനലുകളെ ആൻഡമാനിലേക്ക് മാറ്റാൻ എൻഐഎ ശുപാർശ
Mail This Article
ന്യൂഡൽഹി∙ ഉത്തരേന്ത്യയിലെ ജയിലുകളിലുള്ള കൊടും ക്രിമിനലുകളെ ആൻഡമാൻ നിക്കോബാർ ദ്വീപിലെ ജയിലിലേക്കു മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശുപാർശ ചെയ്തതായി റിപ്പോർട്ട്.
ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ജയിലുകളിലുള്ള 25 ക്രിമിനലുകളെയാണു മാറ്റാൻ ആലോചിക്കുന്നത്. പഞ്ചാബി ഗായകൻ സിദ്ധു മൂസവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ലോറൻസ് ബിഷ്ണോയിയും ഇക്കൂട്ടത്തിലുണ്ട്.
നേരത്തേ ഇവരെ ദക്ഷിണേന്ത്യയിലെ ജയിലുകളിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രാലയത്തിന് എൻഐഎ കത്തയച്ചിരുന്നു. എന്നാൽ, ഇതിനു സംസ്ഥാന സർക്കാരുകളുടെ അനുമതി നേടുക പ്രയാസമാകുമെന്നു വിലയിരുത്തിയാണു കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ പരിഗണിക്കുന്നത്.
ബിജെപി ഭരിക്കുന്ന അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്കു മാറ്റുന്നതും പരിഗണനയിലുണ്ട്. പഞ്ചാബിൽ നിന്ന് അറസ്റ്റിലായ ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിനെ പാർപ്പിച്ചിരിക്കുന്നത് ഇവിടെയാണ്.
English Summary: NIA asks MHA to shift gangsters to Andamans