ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷ കക്ഷികളുടെ അടുത്ത യോഗം ബെംഗളൂരുവിൽ ഈ മാസം 17,18 തീയതികളിൽ നടക്കും. നേരത്തേ 13,14 തീയതികളിൽ നടത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രിമാരായ മമത ബാനർജി (ബംഗാൾ), എം.കെ.സ്റ്റാലിൻ (തമിഴ്നാട്), നിതീഷ് കുമാർ (ബിഹാർ) എന്നിവർ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണു നീട്ടിയത്. ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിൽ കർണാടകയിൽ ചേരുന്ന യോഗത്തിനു കോൺഗ്രസാണ് ആതിഥ്യം വഹിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ യോഗത്തിൽ അധ്യക്ഷത വഹിക്കും. എൻസിപിയുടെ പിളർപ്പ് പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. 

ഇതിനിടെ, മഹാരാഷ്ട്രയിലേതിനു സമാനമായ രാഷ്ട്രീയ നീക്കം വൈകാതെ യുപിയിലും ബിഹാറിലും നടക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അഠാവ്‌ലെ പറഞ്ഞു. യുപിയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ആർഎൽഡി നേതാവ് ജയന്ത് ചൗധരി വൈകാതെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേരും. ബിഹാറിൽ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പ്രവർത്തനങ്ങളിൽ പാർട്ടിയിലെ ഏതാനും എംഎൽഎമാർ അതൃപ്തരാണെന്നും അഠാവ്‌ലെ പറഞ്ഞു. 

അതേസമയം, എൻഡിഎയ്ക്കൊപ്പം ചേരുമെന്ന അഭ്യൂഹം ജയന്ത് ചൗധരി തള്ളി. പ്രതിപക്ഷത്തിനൊപ്പമാണെന്നും ബെംഗളൂരുവിലെ യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വിദേശത്തായിരുന്നതിനാൽ കഴിഞ്ഞ മാസം പട്നയിൽ ചേർന്ന യോഗത്തിൽ ജയന്ത് പങ്കെടുത്തില്ല. 

English Summary: Opposition parties next meeting in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com