അജിത് പവർ
Mail This Article
പാർട്ടിയുടെ നിയന്ത്രണം, ബിജെപിയുമായി സഖ്യം – ഈ 2 ലക്ഷ്യങ്ങളോടെയാണ് വർഷങ്ങളായി അജിത് പവാർ നീങ്ങിയിരുന്നത്. ശരദ് പവാർ എന്ന മറാത്ത രാഷ്ട്രീയത്തിലെ മഹാമേരുവിനെ മറികടക്കാൻ വേണ്ട ശക്തി സംഭരിക്കാൻ കഴിയാതെ പോയതിനാൽ ഒന്നിലേറെ തവണ പുറത്തിറങ്ങിയെങ്കിലും മടങ്ങിവരേണ്ടി വന്നു. ഇത്തവണത്തെ നീക്കം പക്ഷേ ശരദ്പവാറിനെയും ഞെട്ടിക്കുന്നതായി.
ശരദ് പവാറിന്റെ സഹോദരൻ ആനന്ദ്റാവുവിന്റെ മകനായ അജിത് പവാറിന് (63) ഏറെക്കാലമായി പാർട്ടിയിലെ രണ്ടാമൻ എന്ന അനൗദ്യോഗിക പദവി ഉണ്ടായിരുന്നു. പവാർ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും ജനസ്വാധീനമുള്ള നേതാവാണ് അജിത്. ബാരാമതിയിൽ നിന്ന് കഴിഞ്ഞ വട്ടം 1.65 ലക്ഷം വോട്ട് ഭൂരിപക്ഷം നേടിയാണു നിയമസഭയിലെത്തിയത്. 7 വട്ടം എംഎൽഎ, പലവട്ടം മന്ത്രി, 4 തവണ ഉപമുഖ്യമന്ത്രി. പിന്നെ 53 എൻസിപി എംഎൽഎമാരിൽ ഭൂരിപക്ഷവും തന്നോടൊപ്പമാണെന്ന ആത്മവിശ്വാസവും.
എല്ലാം തകിടം മറിഞ്ഞത് കഴിഞ്ഞമാസമാണ്. പാർട്ടിയുടെ 24–ാം സ്ഥാപകദിനത്തിൽ, കഴിഞ്ഞ 11ന് എൻസിപി വർക്കിങ് പ്രസിഡന്റുമാരായി പ്രഫുൽ പട്ടേൽ, മകൾ സുപ്രിയ സുളെ എന്നിവരെ അജിത്തിന്റെ സാന്നിധ്യത്തിൽ പവാർ പ്രഖ്യാപിച്ചു. സുപ്രിയയെ പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷയുമാക്കിക്കൊണ്ട് തന്റെ പിൻഗാമി ആരെന്ന് പവാർ വ്യക്തമാക്കി.
ബിജെപിയുമായി കൈകോർത്ത് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ച അജിത് പാർട്ടിയെ നയിക്കേണ്ടെന്ന് പവാർ തീരുമാനിച്ചതോടെയാണ് പാർട്ടി നിയന്ത്രണം അജിത്തിന്റെ കൈയിൽ നിന്നു പോയത്. എന്നാൽ ബിജെപിയോടൊപ്പമാകാം ഇനിയുള്ള യാത്രയെന്ന് അജിത്തും തീരുമാനിച്ചു. അജിത് ഉൾപ്പെടെ ഒരു വിഭാഗം എൻസിപി നേതാക്കൾ വർഷങ്ങളായി ബിജെപി നേതാക്കളോട് അടുപ്പം പുലർത്തിയിരുന്നു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുടെ ഒപ്പം കൂടി ദേവേന്ദ്ര ഫഡ്നാവിസിനു കീഴിൽ 3 ദിവസം ഉപമുഖ്യമന്ത്രിയായെങ്കിലും പാർട്ടി കൂടെ ചെന്നില്ല. അങ്ങനെയാണ് മടങ്ങിയെത്തിയത്.
2021 നവംബറിൽ ആദായ നികുതി വകുപ്പ് അജിത്തിന്റെയും കുടുംബത്തിന്റെയും 1400 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. സംസ്ഥാന സഹകരണ ബാങ്കിൽ 25,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് ഇഡിയും കേസെടുത്തു. ഇതോടെ അജിത് പിന്നെയും പ്രതിരോധത്തിലായി. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ഇഡി നൽകിയ കുറ്റപത്രത്തിൽ അജിത്തിന്റെയും ഭാര്യ സുനേത്രയുടെയും പേരുണ്ടായിരുന്നില്ല.
മകൻ പാർഥ് പവാർ (33) ലോക്സഭയിലേക്ക് 2019ൽ മാവൽ മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
‘എൻസിപിക്ക് ശിവസേനയുമായി കൈകോർക്കാൻ കഴിയുമെങ്കിൽ ബിജെപിയുമായി സഖ്യം ചേരുന്നതിൽ എന്താണ് തെറ്റ്.’
അജിത് പവാർ
English Summary: Profile of Ajit Pawar