ADVERTISEMENT

ന്യൂഡൽഹി ∙ ഷാങ്ഹായ് സഹകരണ സംഘടനയിൽ (എസ്‍സിഒ) അംഗങ്ങളായ രാജ്യങ്ങൾ ചേർന്ന് ഭീകരപ്രസ്ഥാനങ്ങളുടെയും ഭീകരരുടെയും പൊതുപട്ടിക തയാറാക്കും. ഭീകരവാദത്തിനെതിരെയുള്ള ചെറുത്തുനിൽപ് ശക്തിപ്പെടുത്തുന്നതിനാണിത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന വെർച്വൽ ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

യുവാക്കൾ ഭീകരവാദത്തിന്റെയും മതമൗലിക വാദത്തിന്റെയും പിടിയിലേക്കു വീഴുന്നത് തടയാൻ യോജിച്ചു പ്രവർത്തിക്കാനും അംഗരാജ്യങ്ങൾ തീരുമാനിച്ചു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. അതതു രാജ്യങ്ങളിലെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാവും പട്ടിക തയാറാക്കുക. ഭീകര– വിഘടനവാദ സംഘടനകൾ, മറ്റു നിരോധിത ഗ്രൂപ്പുകൾ എന്നിവ പട്ടികയിലുൾപ്പെടും. 

അതേസമയം, ഭീകരവാദത്തെ നേരിടാനെന്ന പേരിൽ മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്നു കയറുന്നത് അഭികാമ്യമല്ലെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു. മതമൗലികവാദത്തിന്റെ മറവിൽ വരുന്ന ഭീകരരുടെ ‘സ്ലീപ്പിങ് സെല്ലു’കളെ ഗൗരവമായി കൈകാര്യം ചെയ്യും. എസ്‌സിഒയുടെ മേഖലാ ഭീകര വിരുദ്ധ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. ഭീകരവാദത്തിനു പണം കണ്ടെത്താൻ ലഹരിക്കടത്ത് ഉപയോഗിക്കുന്നതിനെതിരെയും സംയുക്ത നീക്കമുണ്ടാകുമെന്ന് പ്രസ്താവനയിൽ പറയുന്നു. അടുത്ത എസ്‌സിഒ അധ്യക്ഷ പദവി കസഖ്സ്ഥാൻ ഏറ്റെടുത്തു. 

ചൈനീസ് പദ്ധതിക്ക് പ്രോത്സാഹനം

ചൈനയുടെ വിവാദമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് പൂർണ പിന്തുണ നൽകുമെന്ന ഉച്ചകോടിയിലെ പ്രഖ്യാപനം ഇന്ത്യയുടെ നയങ്ങൾക്കു തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രി മോദി അധ്യക്ഷ പ്രസംഗത്തിൽ പാക്ക് അധീന കശ്മീരിലൂടെയുള്ള ചൈനയുടെ പദ്ധതിക്കെതിരെ പരോക്ഷ പരാമർശം നടത്തിയിരുന്നു. എന്നാൽ, പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപനം പറയുന്നു. 

English Summary : List of terrorists to be prepared says Shanghai Cooperation Organization summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com