ADVERTISEMENT

ന്യൂഡൽഹി ∙ അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നിവരടക്കം 12 പേരെ എൻസിപിയിൽ നിന്നു പുറത്താക്കിയ ശരദ് പവാറിന്റെ നടപടിക്ക് പാർട്ടി പ്രവർത്തക സമിതിയുടെ അംഗീകാരം. ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. എംപിമാരായ പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ, ദേശീയ സെക്രട്ടറിയും ഡൽഹി പ്രസിഡന്റുമായ എസ്.ആർ.കോഹ്‌ലി എന്നിവരെയും അജിത് പവാറിനൊപ്പം കഴിഞ്ഞ ദിവസം ഷിൻഡെ സർക്കാരിൽ ചേർന്ന 9 എംഎൽഎമാരെയുമാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയത്. അതേസമയം, ശരദ് പവാറിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ വിളിച്ചുേചർത്ത എൻസിപി ദേശീയ നിർവാഹക സമിതി യോഗത്തിന് നിയമപരമായ സാധുതയില്ലെന്ന് അജിത് പവാർ വിഭാഗം മുംബൈയിൽ പറഞ്ഞു. 

ഇതിനിടെ, കോൺഗ്രസിൽ ലയിക്കാൻ എൻസിപി തീരുമാനിച്ചാൽ അതിനെ സ്വാഗതം ചെയ്യുമെന്നു കോൺഗ്രസ് വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു. നിലവിൽ ഇതു സംബന്ധിച്ച് ചർച്ചയില്ലെങ്കിലും ലയനത്തിനുള്ള സാധ്യത തുറന്നുകിടക്കുകയാണ്. ലയന സന്നദ്ധതയറിയിച്ച് എൻസിപി മുന്നോട്ടു വന്നാൽ കോൺഗ്രസ് സ്വീകരിക്കും. ഇന്നലെ വൈകിട്ട് ശരദ് പവാറിന്റെ വസതിയിലെത്തിയ രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ദേഹത്തിനൊപ്പം നിൽക്കുമെന്ന് ഉറപ്പു നൽകി. 

കേരളമടക്കം 27 സംസ്ഥാന യൂണിറ്റുകളും ശരദ് പവാറിനൊപ്പമാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ വ്യക്തമാക്കി. 22 സംസ്ഥാന പ്രസിഡന്റുമാർ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു. ബാക്കി 5 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ രേഖാമൂലം പിന്തുണയറിയിച്ചു. 27 അംഗ വിശാല പ്രവർത്തക സമിതിയിൽ 17 പേർ ശരദ് പവാറിനൊപ്പമാണ്. കേരളത്തിൽ നിന്ന് ചാക്കോയ്ക്കു പുറമേ മന്ത്രി എ.കെ.ശശീന്ദ്രൻ, ടി.പി.പീതാംബരൻ, പി.പി.മുഹമ്മദ് ഫൈസൽ എംപി, തോമസ് കെ.തോമസ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. 

ജയിലിൽ പോകേണ്ടി വരുമെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു: പവാർ

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് ഏതാനും ദിവസം മുൻപ് പ്രഫുൽ പട്ടേൽ തന്നെ വന്നു കണ്ട് ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം അറിയിച്ചതായി പ്രവർത്തക സമിതി യോഗത്തിൽ ശരദ് പവാർ വെളിപ്പെടുത്തി. ബിജെപിക്കൊപ്പം നിന്നില്ലെങ്കിൽ തനിക്കെതിരായ കേസുകൾ കുത്തിപ്പൊക്കുമെന്നും ജയിലിൽ പോകേണ്ടി വരുമെന്നും പ്രഫുൽ അറിയിച്ചുവെന്നും പവാർ പറഞ്ഞു. 

മുൻപ് ബിജെപിയുമായി സഹകരിച്ചിട്ടുള്ള അജിത് പവാർ മറുകണ്ടം ചാടിയേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും വിശ്വസ്തനായ പ്രഫുൽ കൈവിടുമെന്ന് ശരദ് പവാർ പ്രതീക്ഷിച്ചിരുന്നില്ല. ബിജെപിക്കൊപ്പം കൈകോർക്കുന്നതിന് ഇതേ ന്യായമാണു പ്രഫുൽ തങ്ങളോടും പറഞ്ഞതെന്ന് മറ്റു നേതാക്കളും പറഞ്ഞു.

English Summary: Rahul Gandhi meets Sharad Pawar amid Maharashtra political cricis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com