ADVERTISEMENT

ബെംഗളൂരു / കൊച്ചി ∙ നഗരത്തിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ക്രൈം ബ്രാഞ്ച് അറിയിച്ചു. 2008 ലെ ബെംഗളൂരു സ്ഫോടനപരമ്പരക്കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളികളാണ് ഇവരെന്നു സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. പിടിയിലായവരിൽ ചിലർ പലതവണ കേരളം സന്ദർശിച്ചതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പ്രതികളുടെ വിശദാംശങ്ങൾ കർണാടക പൊലീസിനോട് എൻഐഎ ചോദിച്ചിട്ടുണ്ട്. 

ബെംഗളൂരു ആർടി നഗറിലെ വീട്ടിൽനിന്ന് ഇന്നലെ പുലർച്ചെയാണ് സയ്യിദ് സുഹേൽ ഖാൻ (24), മുഹമ്മദ് ഉമർ (29), ഷാഹിദ് തബ്രേസ് (25), സയ്യീദ് മുദാഷിർ പാഷ (28), മുഹമ്മദ് ഫൈസൽ (30) എന്നിവരെ പിടികൂടിയത്. 7 തോക്കുകളും 45 വെടിയുണ്ടകളും പിടിച്ചെടുത്തു. സംഘത്തലവൻ ജുനൈദ് വിദേശത്താണ്. ഇയാളെ കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 2017 ൽ കൊലക്കേസിൽ പിടിക്കപ്പെട്ട് പാരപ്പന അഗ്രഹാര ജയിലിലെത്തിയപ്പോഴാണ് ജുനൈദും കൂട്ടാളികളും തടിയന്റവിട നസീറുമായി പരിചയത്തിലായതെന്നു പൊലീസ് പറയുന്നു. 2019 ൽ ജയിൽ മോചിതരായശേഷം ആർടി നഗറിലെ വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. നസീറിനെ പൊലീസ് ഉടൻ ജയിലിലെത്തി ചോദ്യം ചെയ്യും. കേസ് എൻഐഎക്കു കൈമാറണമെന്നു ബിജെപി ആവശ്യപ്പെട്ടു. 

ഈറോഡിൽ മലയാളി എൻഐഎ പിടിയിൽ

ഈറോഡ് / കൊച്ചി ∙ ഭീകരബന്ധമുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ സ്വദേശിയെ തമിഴ്നാട്ടിലെ ഈറോഡിൽ അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു. ഈറോഡ് ജില്ലയിലെ ഭവാനി സാഗറിൽ 3 മാസമായി വാടകയ്ക്കു താമസിക്കുകയായിരുന്ന തൃശൂർ സ്വദേശി ആസിഫിനെയാണ് (36) തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന 3 പേർ കടന്നുകളഞ്ഞു. ബാങ്ക് കൊള്ളയും എടിഎം കവർച്ചയും വഴി ഭീകരപ്രവർത്തനത്തിനു പണം കണ്ടെത്താൻ ഗൂഢാലോചന നടത്തിയ സംഘം ഈറോഡിൽ ഒത്തുകൂടിയെന്ന രഹസ്യവിവരമാണ് എൻഐഎക്കു ലഭിച്ചത്. ആസിഫിനെ ചോദ്യം ചെയ്യാൻ കൊച്ചിയിലെത്തിച്ചു. എൻഐഎ പ്രത്യേക കോടതി റിമാൻഡ് ചെയ്ത ഇയാളെ കസ്റ്റഡിയിൽ വാങ്ങും. 

മുംബൈയിലും പുണെയിലും 2 പേർ വീതം പിടിയിൽ

മുംബൈ ∙ പാക്ക് ചാരസംഘടന ഐഎസ്ഐയുമായി ബന്ധം സംശയിക്കുന്ന 2 പേരെ മുംബൈയിലും ഭീകര പ്രവർത്തനങ്ങൾക്ക് എൻഐഎ തിരയുന്ന 2 പേരെ പുണെയിലും അറസ്റ്റ് െചയ്തു. ഐഎസ്ഐ ഏജന്റ് എന്നു സംശയിക്കുന്ന അർമാൻ സഇൗദ് (62), കൂട്ടാളി മുഹമ്മദ് സൽമാൻ സിദ്ദിഖ് (24) എന്നിവരെ മുംബൈയിൽ അന്ധേരിക്കടുത്ത് ജോഗേശ്വരിയിലാണ് മഹാരാഷ്ട്ര, യുപി ഭീകരവിരുദ്ധ സ്ക്വാഡുകൾ (എടിഎസ്) ചേർന്നു പിടികൂടിയത്. യുപി എടിഎസ് ഈയിടെ പിടികൂടിയ ഐഎസ്ഐ ഏജന്റ് മുഹമ്മദ് റയീസിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പുണെയിൽ ബൈക്ക് മോഷണശ്രമത്തിനിടെയാണ് ഇമ്രാൻ ഖാൻ, യുനുസ് സാഖി എന്നിവർ പിടിയിലായത്. ഇവരിൽനിന്ന് 5 ലക്ഷം രൂപ വീതം പിടിച്ചെടുത്തു.

English Summary: CCB arrested five people in connection with plotting attack in Bengaluru 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com