ടീസ്റ്റയുടെ വിടുതൽ ഹർജി തള്ളി ഗുജറാത്ത് കോടതി
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തിൽ 2002 ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ നിർമിച്ചു എന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് നൽകിയ വിടുതൽ ഹർജി അഹമ്മദാബാദ് അഡിഷനൽ സെഷൻസ് കോടതി തള്ളി. കേസിൽ വിചാരണ ആരംഭിക്കാനും സെഷൻസ് ജഡ്ജി എ.ആർ.പട്ടേൽ ഉത്തരവിട്ടു.
ഈ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കവെ ടീസ്റ്റ കീഴടങ്ങണമെന്ന് ഉത്തരവിട്ട ഗുജറാത്ത് ഹൈക്കോടതി വിധി തലതിരിഞ്ഞതാണെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിമർശിച്ചതിന്റെ പിറ്റേന്നാണ് സെഷൻസ് കോടതി ഉത്തരവെന്നത് ശ്രദ്ധേയമാണ്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ടീസ്റ്റയ്ക്ക് സ്ഥിര ജാമ്യം അനുവദിച്ചിരുന്നു.
സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനും നിരപരാധികളെ കുടുക്കാനും വ്യാജതെളിവുകൾ സൃഷ്ടിച്ചു എന്ന് ആരോപിച്ച് 2022 ജൂൺ 25നാണ് ടീസ്റ്റ, ഗുജറാത്ത് മുൻ ഡിജിപി ആർ.ബി.ശ്രീകുമാർ, മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവരെ സംസ്ഥാന ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ശ്രീകുമാറിന്റെ വിടുതൽ ഹർജിയും ഇതേ കോടതി ജൂൺ 20ന് തള്ളിയിരുന്നു.
മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സഞ്ജീവ് ഭട്ട് വിടുതൽ ഹർജി നൽകിയില്ല.
English Summary : Gujarat court rejects Teesta's release petition