സ്ഥാനാർഥിയാകാൻ കുറഞ്ഞപ്രായം 18 മതി: പാർലമെന്ററി സമിതി
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സാക്കണമെന്നു പഴ്സനേൽ, പൊതുപരാതി, നീതിന്യായ വകുപ്പുകളുടെ പാർലമെന്ററി സ്ഥിരം സമിതി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പുകൾക്ക് പൊതു വോട്ടർപട്ടിക ഉപയോഗിക്കാനുള്ള നീക്കം കരുതലോടെ വേണമെന്നു കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പു കമ്മിഷനും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. റിപ്പോർട്ട് കഴിഞ്ഞ ദിവസം പാർലമെന്റിൽ സമർപ്പിച്ചിരുന്നു. ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്തിൽ വോട്ടവകാശം നിഷേധിക്കരുതെന്നും നിർദേശിച്ചു.
മറ്റു പ്രധാന നിർദേശങ്ങൾ:
∙ പൊതുവോട്ടർപട്ടിക ഒട്ടേറെ സൗകര്യങ്ങൾ നൽകുമെങ്കിലും അതു തയാറാക്കുന്നതിനു മുൻപ് വ്യത്യസ്ത വോട്ടർപട്ടികകൾ വേണമെന്ന ഭരണഘടനാ വകുപ്പു കൂടി പരിഗണിക്കണം. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കു കമ്മിഷൻ കടന്നു കയറരുത്.
∙ തിരഞ്ഞെടുപ്പുകളിൽ വ്യാജ സത്യവാങ്മൂലങ്ങൾ നൽകുന്നവർക്കെതിരെയുള്ള നടപടികൾ കർശനമാക്കണം. തടവ് 6 മാസത്തിൽ നിന്ന് കൂട്ടി 2 വർഷം വരെയാക്കണം. തെറ്റായ സത്യവാങ്മൂലം നൽകുന്നവർക്കെതിരെയുള്ള നിയമനടപടികൾ തിരഞ്ഞെടുപ്പു കമ്മിഷൻ തന്നെ നടത്തണം.
∙തെറ്റായ സത്യവാങ്മൂലം നൽകുന്നത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കൽപിക്കുന്ന കുറ്റങ്ങളുടെ പട്ടികയിലുൾപ്പെടുത്തണം. റിട്ടേണിങ് ഓഫിസറുടെ ശുപാർശയ്ക്കനുസരിച്ചു നടപടിയെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന് അധികാരം നൽകണം.
∙യുവാക്കൾക്ക് കൂടുതലായി രാഷ്ട്രീയാവബോധം നൽകാൻ ബോധവൽക്കരണം നടത്തണം
English Summary : Minimum age to be a candidate is 18