ADVERTISEMENT

ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ നേതാക്കളുമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് എഐസിസി ആസ്ഥാനത്ത് കോടതിവിധിയുടെ വാർത്തയെത്തിയത്. തിര‍ഞ്ഞെടുപ്പു വിജയത്തിലെന്ന പോലെ പ്രവർത്തകർ കൂട്ടത്തോടെയെത്തി. 

പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം. സന്തോഷം പങ്കിടാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുറത്തേക്കു വന്നപ്പോൾ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ചുറ്റും കൂടി. രാഹുലിന്റെ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌‍‍വിയും ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുമാണ് കോൺഗ്രസിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുലും കെ.സി.വേണുഗോപാലും കൂടിയെത്തി. ആമുഖമായി മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത ഖർഗെയും രാഹുലും ചോദ്യങ്ങൾക്കു നിൽക്കാതെ മടങ്ങി.

സംസ്ഥാനത്ത് പ്രകടനം

തിരുവനന്തപുരം ∙ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ കോൺഗ്രസ് ആഹ്ലാദപ്രകടനം നടത്തി. കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസി, ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.

കെപിസിസി ഓഫിസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിസിസി പ്രസിഡന്റ് പാലോട് രവിക്കു ലഡു നൽകി ആഹ്ലാദം പങ്കിട്ടു. ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള നീക്കത്തിനുള്ള തിരിച്ചടിയാണു സുപ്രീംകോടതി വിധിയെന്നു രമേശ് പറഞ്ഞു. നീതിയുടെയും സത്യത്തിന്റെയും വിധിയാണു സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി പറഞ്ഞു. ഒരു പ്രസംഗത്തിന്റെ പേരിൽ ജനങ്ങൾ ബഹുമാനിക്കുന്ന നേതാവിനെ 8 വർഷം പാർലമെന്ററി രംഗത്തുനിന്നു മാറ്റിനിർത്താനാണു ബിജെപിയും മോദി സർക്കാരും ശ്രമിച്ചത്. ഈ വിധി നടപ്പായിരുന്നെങ്കിൽ ഭാവിയിൽ രാഷ്ട്രീയ രംഗത്തു ഗുരുതര പ്രത്യാഘാതമുണ്ടാകുമായിരുന്നുവെന്ന് എ.കെ.ആന്റണി പറഞ്ഞു. വയനാട്ടിൽ രാഹുലിനു സ്വീകരണമൊരുക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്.

English Summary: Rahul Gandhi defamation case conviction stay: celebration across India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com