ADVERTISEMENT

മുംബൈ∙ക്വിറ്റ് ഇന്ത്യ അനുസ്മരണ പദയാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി, സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് എന്നിവരെ പൊലീസ് തടഞ്ഞു. മണിക്കൂറുകൾക്കു ശേഷം വിട്ടയച്ചതോടെ ഇരുവരും അനുസ്മരണത്തിൽ പങ്കെടുത്തു. 

എല്ലാ വർഷവും ക്വിറ്റ് ഇന്ത്യ ദിനത്തിൽ നടത്താറുള്ള യാത്രയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ തുഷാറിനെ കസ്റ്റഡിയിലെടുത്ത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൂന്നു മണിക്കൂറിനു ശേഷമാണ് മോചിപ്പിച്ചത്. വീടിനു പുറത്തിറങ്ങാൻ പോലും അനുവദിക്കാതെയാണ് ടീസ്റ്റയെ പൊലീസ് തടഞ്ഞത്. ക്വിറ്റ് ഇന്ത്യ ആഹ്വാനത്തിനു സാക്ഷ്യം വഹിച്ച 99 വയസ്സുകാരനായ സ്വാതന്ത്ര്യ സമര സേനാനി ജി.ജി. പരീഖിനെയും ശാന്തിയാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് പൊലീസ് വിലക്കിയിരുന്നു. 

ദക്ഷിണ മുംബൈയിലെ ഗിർഗാവ് ചൗപ്പാട്ടിയിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്കുള്ള ശാന്തിയാത്രയ്ക്ക് അനുമതി ഇല്ലായിരുന്നെന്നും രേഖാമൂലം അറിയിച്ചിട്ടും പിൻവാങ്ങാത്തതുകൊണ്ടാണ് ഇരുവരെയും തടഞ്ഞതെന്നും പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കിടെ സംഘം എത്തുന്നത് ക്രമസമാധാനപ്രശ്നത്തിനു കാരണമാകുമെന്നാണ് പൊലീസ് അറിയിച്ചതെന്ന് തുഷാർ ഗാന്ധി പറഞ്ഞു. വെറുപ്പ് ഇന്ത്യ വിടുക, സ്നേഹത്തോടെ ഹൃദയങ്ങളെ ഒരുമിപ്പിക്കാം എന്നതായിരുന്നു യാത്രയുടെ മുദ്രാവാക്യം. 

ക്വിറ്റ് ഇന്ത്യ അനുസ്മരണത്തിന് വീട്ടിൽ നിന്ന് ഇറങ്ങിയ തന്നെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പൊലീസ് തടഞ്ഞുവച്ചു. ഇൗ ചരിത്ര ദിനത്തിലാണ് ബാപ്പുവിനെയും പൊലീസ് അറസ്റ്റ് ചെയ്തെന്നും തുഷാർ സമൂഹ മാധ്യമത്തിൽ കുറിച്ചു. 

English Summary : Police custody for Tushar Gandhi and house arrest for Teesta Setalvad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com