ADVERTISEMENT

ഇംഫാൽ ∙ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്കരിക്കാനുള്ള മെയ്തെയ് ഭീകരസംഘടനകളുടെ ആഹ്വാനം കണക്കിലെടുത്തു മണിപ്പുരിൽ സുരക്ഷാ മുൻകരുതൽ ശക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ആയുധങ്ങൾ പിടിച്ചെടുത്തു.

നിരോധിത മെയ്തെയ് സംഘടനകളായ യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ), പീപ്പിൾസ് റവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലെപാക് എന്നിവരുടെ ഏകോപസമിതിയായ കോർകോം ഇന്നു വൈകിട്ട് 6.30 വരെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഫാലിലെ മറ്റു മെയ്തെയ് സായുധസംഘടനകളും സ്വാതന്ത്ര്യദിനം ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇംഫാലിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. എന്നാൽ സുരക്ഷാ കാരണങ്ങളാൽ കുക്കി എം എൽഎമാരും കുക്കി മന്ത്രിയും പങ്കെടുക്കില്ല. കലാപത്തോടെ ഇംഫാലിൽനിന്നു പലായനം ചെയ്ത ഇവർ മടങ്ങിയെത്തിയിട്ടില്ല.

കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിൽ സ്വാതന്ത്ര്യദിനാഘോഷം ജനപങ്കാളിത്തത്തോടെ നടത്തും. അസം റൈഫിൾസ്, ബിഎസ്എഫ്, പൊലീസ് എന്നിവയ്ക്കു പുറമേ വിദ്യാർഥികളും പീസ് ഗ്രൗണ്ടിലെ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കും.

9 കേസുകൾ കൂടി സിബിഐക്ക്

ന്യൂഡൽഹി ∙ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട 9 കേസുകൾ കൂടി സിബിഐ ഏറ്റെടുക്കുന്നു. ഇതോടെ സിബിഐ അന്വേഷിക്കുന്ന കേസുകൾ പതിനേഴായി. സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകളുണ്ടെങ്കിൽ ഇനിയും ഏറ്റെടുക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

മിക്ക കേസുകളിലും പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം സംബന്ധിച്ച വകുപ്പുകളും ബാധകമാകും. എല്ലാ ഫൊറൻസിക് സാംപിളുകളും കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിലേക്ക് അയയ്ക്കും. മണിപ്പുരിൽ പരിശോധന നടത്തിയാൽ പക്ഷപാത ആരോപണമുയരുമെന്ന വിലയിരുത്തലിലാണിത്.

English Summary: Boycott call: tight security in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com