ഹരിയാന നൂഹ് സംഘർഷം: വിഎച്ച്പി ജാഥ പുനരാരംഭിക്കാൻ നീക്കം
Mail This Article
ഗുരുഗ്രാം (ഹരിയാന) ∙ വർഗീയ സംഘർഷമുണ്ടായ ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ജാഥ പുനരാരംഭിക്കാൻ നീക്കം. സമീപജില്ലയായ പൽവലിലെ പോൺട്രി ഗ്രാമത്തിൽ ചേർന്ന ഹിന്ദു സംഘടനകളുടെ മഹാപഞ്ചായത്താണ് 28 മുതൽ വിഎച്ച്പിയുടെ ബ്രജ് മണ്ഡൽ യാത്ര തുടരുമെന്നു പ്രഖ്യാപിച്ചത്. നൂഹിലെ നൽഹാറിൽനിന്നു തുടങ്ങുമെന്നാണു പ്രഖ്യാപനം. കഴിഞ്ഞ 31ന് വിഎച്ച്പി നടത്തിയ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെ ഉണ്ടായ അക്രമത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പള്ളി ഇമാമും അടക്കം 6 പേരാണ് മരിച്ചത്.
നൂഹിൽ അനുമതി നിഷേധിച്ചതിനെ തുടർന്നാണു സമീപ ജില്ലയായ പൽവലിൽ യോഗം ചേർന്നത്. വിദ്വേഷ പ്രസംഗങ്ങൾ നടത്തില്ലെന്ന ഉറപ്പിലാണു യോഗത്തിന് അനുമതി നൽകിയതെങ്കിലും ആയുധമെടുക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങൾ വരെ ഉണ്ടായി. ഗോ രക്ഷക് ദളിന്റെ നേതാവ് ആചാര്യ അസദ് ശാസ്ത്രിയാണ് ആയുധമെടുക്കാൻ ആഹ്വാനം നടത്തിയത്. പൊലീസിനെതിരെ പലരും ഭീഷണി മുഴക്കി. നൂഹിൽ അർധസൈനിക വിഭാഗത്തെ സ്ഥിരമായി വിന്യസിക്കണമെന്നും കൊല്ലപ്പെട്ട ഹിന്ദു വിഭാഗത്തിൽപെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുയർന്നു. വിഎച്ച്പിക്കും ബജ്റങ്ദളിനും പരിപാടി നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്നാണ് ‘സർവ ഹിന്ദു സമാജ്’ എന്ന സംഘടനയുടെ പേരിൽ യോഗം വിളിച്ചത്. നേരത്തെ ഗുരുഗ്രാമിൽ നടന്ന സമാന യോഗത്തിൽ ഒരുവിഭാഗം കച്ചവടക്കാരെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിദ്വേഷ പ്രസംഗങ്ങൾ നടന്നതു വിവാദമായിരുന്നു.
ബുധനാഴ്ച ഭാരതീയ കിസാൻ മസ്ദൂർ യൂണിയൻ ഹിസാറിൽ വിളിച്ചുചേർത്ത മഹാപഞ്ചായത്തിൽ എല്ലാ മതവിഭാഗങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. അക്രമങ്ങളെ അപലപിക്കുകയും സമാധാനം പുനഃസ്ഥാപിക്കാൻ ആഹ്വാനം ചെയ്യുകയും ഉണ്ടായി. ബജ്റങ്ദൾ നേതാവ് മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫെബ്രുവരിയിൽ ബിവാനിയിൽ നിന്നു 2 മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിൽ ഒരാളായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനമാണ് സംഘർഷത്തിനു വഴിതെളിച്ചത്.
English Summary: Haryana Noah conflict: VHP moves to resume rally